സൂപ്രണ്ടിനെ നിലനിർത്തണമെന്ന് വികസന സമിതിയിൽ ആവശ്യം
1597279
Monday, October 6, 2025 2:04 AM IST
ഒറ്റപ്പാലം: സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ടിനെ നിലനിർത്തണമെന്നു താലൂക്ക് വികസനസമിതി യോഗത്തിൽ ആവശ്യം.
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായാണ് ഡോ. ഷിജിൻജോൺ ആളൂരിന് സ്ഥലംമാറ്റം. ഒന്നരവർഷമായി ആശുപത്രിയിൽ നിലനിന്ന പല പ്രശ്നങ്ങൾക്കും പുതിയസൂപ്രണ്ട് എത്തിയശേഷമാണ് പരിഹാരമായത്.
എന്നാൽ, പദ്ധതികൾ പലതും പൂർത്തിയാക്കുംമുൻപേയാണ് സൂപ്രണ്ടിനെ സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് താലൂക്ക് വികസനസമിതി യോഗത്തിൽ അഭിപ്രായമുയർന്നത്. സൂപ്രണ്ടിനെ നിലനിർത്താൻ എംഎൽഎ മുഖാന്തരം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടാൻ താലൂക്ക് വികസനസമിതി തീരുമാനിച്ചു.
കൃത്യമായ കിടത്തിച്ചികിത്സയില്ല, രോഗികളെ മറ്റ് ആശുപത്രികളിലേക്ക് അനാവശ്യമായി ശുപാർശ ചെയ്യുന്നു, പല പദ്ധതികളും മുടങ്ങിക്കിടക്കുന്നു തുടങ്ങി വിവിധ പ്രശ്നങ്ങളാണ് കഴിഞ്ഞ ഒന്നരവർഷമായി ആശുപത്രി നേരിട്ടത്.
കഴിഞ്ഞ ജൂൺമാസത്തിൽ സൂപ്രണ്ട് ചുമതലയേറ്റതോടെ ആശുപത്രിയുടെ പ്രവർത്തനംതന്നെ മാറ്റാനായി. മുടങ്ങിക്കിടന്നിരുന്ന രക്തബാങ്ക് പ്രവർത്തനസജ്ജമായി. പുതിയ കെട്ടിടത്തിൽ ഒപി പ്രവർത്തനം രോഗികൾക്ക് ഗുണകരമാകുന്ന രീതിയിലാക്കി.
വൈകുന്നേരം ഒപി തുടങ്ങി, എക്സ്റേ 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഈ പണി അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ സൂപ്രണ്ട് മാറുന്നത് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.
ഇവ പൂർത്തിയാകുന്നതുവരെയെങ്കിലും നിലവിലെ സൂപ്രണ്ട് തുടരാനുള്ള നടപടി വേണമെന്നായിരുന്നു ആവശ്യം. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് യോഗത്തിൽ അധ്യക്ഷയായി.
സ്ഥലംമാറ്റ ഉത്തരവ്
റദ്ദാക്കിയേക്കും
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തെ ഒറ്റപ്പാലത്ത് തന്നെ നിലനിർത്തേക്കുമെന്ന് സൂചന. മൂന്നുമാസത്തോളം സ്ഥിരംസൂപ്രണ്ടില്ലാതെ ഏറെ ബുദ്ധിമുട്ടിയശേഷം നഗരസഭയുടെ സമ്മർദത്തെത്തുടർന്ന് ആരോഗ്യമന്ത്രി നേരിട്ടാണ് നിലവിലെ സൂപ്രണ്ടിനെ നിയമിച്ചത്. നാലുമാസങ്ങൾക്കുശേഷം ഡോ. ഷിജിൻജോൺ ആളൂർ സ്ഥലം മാറിപ്പോകുമ്പോൾ ആശങ്കയിലാകുന്നത് നിരവധി പദ്ധതികളുടെ മുന്നോട്ടുപോക്ക് കൂടിയാണ്. ഒപ്പം കൃത്യമല്ലാതെ കിടന്നിരുന്ന ആശുപത്രിയുടെ പ്രവർത്തനം ചിട്ടയുള്ളതാക്കിയതിലും നഗരസഭാ ഭരണസമിതിക്കൊപ്പം സൂപ്രണ്ടിനും പങ്കുണ്ട്. ഈ പ്രവർത്തനങ്ങൾ സൂപ്രണ്ടിനെ ജനകീയമാക്കുകയും ചെയ്തിരുന്നു.