ജില്ലയിലെ അന്പതിലേറെ ആർപിഎസിൽ നിന്നുള്ള കർഷകർ പങ്കെടുക്കും
1597080
Sunday, October 5, 2025 6:49 AM IST
വടക്കഞ്ചേരി: വിലയില്ലെങ്കിൽ റബറില്ല എന്ന മുദ്രാവാക്യവുമായി റബർ ഉത്പാദകസംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ കൺസോർഷ്യം ഓഫ് റീജണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യുസേഴ്സ് സൊസൈറ്റി ഇന്ത്യ (എൻസിആർപിഎസ്) യുടെ നേതൃത്വത്തിൽ എട്ടിന് റബർ കർഷകർ നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിലും ധർണയിലും പാലക്കാട്, മണ്ണാർക്കാട് റീജിയണിൽപ്പെട്ട അമ്പതിൽപരം റബർ ഉത്പാദക സംഘങ്ങങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റബർ കർഷകരുടെ മഹാപ്രതിഷേധമാകും സെക്രട്ടേറിയേറ്റിൽ പ്രകടമാവുകയെന്ന് സംഘടനയുടെ പാലക്കാട് റീജിയണൽ പ്രസിഡന്റും ദേശീയ ട്രഷററുമായ എളവമ്പാടം പി.വി. ബാബു പറഞ്ഞു. രാവിലെ പത്തരക്ക് ആരംഭിക്കുന്ന സമരപരിപാടികൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്.
വിലസ്ഥിരതയ്ക്കൊപ്പം താങ്ങുവില 250 രൂപയാക്കുക, കേര (കാലാവസ്ഥ അതിജീവന കാർഷിക മൂല്യവർധിത വിപണന ശൃംഖല നവീകരണ പദ്ധതി) പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുക, പദ്ധതി നടപ്പിലാക്കുന്ന ജില്ലകളിൽ റബർ ബോർഡ് സബ്സിഡി തുടരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടികൾ. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ള കേരപദ്ധതിയുടെ ആവർത്തനകൃഷിക്ക് ഹെക്ടറിന് 75,000 രൂപ പ്രഖ്യാപിച്ചത്. ആറ് ജില്ലകളിൽ മാത്രമായി ചുരുക്കാതെ കൃഷി പ്രതിസന്ധി നേരിടുന്ന പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും നടപ്പിലാക്കണം.
ഈ പദ്ധതിമൂലം ആവർത്തന കൃഷിക്കായി റബർ ബോർഡിൽ നിന്നും ലഭിക്കേണ്ട 40,000 രൂപ നഷ്ടമാകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. രണ്ട് ആനുകൂല്യങ്ങളും ലഭ്യമാകുംവിധം പദ്ധതികൾ ക്രമപ്പെടുത്തണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനമായിരുന്നു റബറിന്റെ താങ്ങുവില 250 രൂപയാക്കും എന്നത്. എന്നാൽ ഭരണകാലാവധി തീരാറാകുമ്പോഴും വാഗ്ദാനം നടപ്പിലാക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു. റബറിന്റെ പുതുകൃഷിയ്ക്കും റീ പ്ലാന്റിംഗിനും ചെലവ് വളരെ കൂടി. നാലു പതിറ്റാണ്ടിനിടെ 15,000 രൂപ മാത്രമാണ് കൃഷി സബ്സിഡി വർധിപ്പിച്ചത്.
ഹെക്ടറിന് 40,000 രൂപ. എന്നാൽ ഈ തുക കൊണ്ട് റീ പ്ലാന്റിംഗ് സാധ്യമല്ല. വിലകുറവും വിലയിലെ അസ്ഥിരതയും മൂലം തോട്ടങ്ങൾ പലതും പരിചരിക്കാനാകാതെ കാടുമൂടിയ നിലയിലാണ്. റീ പ്ലാന്റിംഗിന് അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്.