എ.പി. രാധാ അച്യുതനെ ആദരിച്ചു
1597289
Monday, October 6, 2025 2:04 AM IST
പാലക്കാട്: തമിഴ് സംഘകാല കൃതിയായ തിരുക്കുറലിന്റെ മലയാളം പരിഭാഷ തന്റെ എൺപതാം വയസിൽ എഴുതി ശ്രദ്ധേയയായ എഴുത്തുകാരി എ.പി. രാധാ അച്യുതനെ പിരായിരി ഗാന്ധി സ്മാരക ഗ്രാമീണ സംഘം ഗ്രന്ഥശാല ആദരിച്ചു.
ചടങ്ങ് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയും പത്രപ്രവർത്തകയുമായ ബീനാ ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരിയായ ഒരു കുടുംബിനിയായി മുന്നോട്ടുപോകുമ്പോഴും പ്രായം തടസമായി കരുതാതെ തന്റെ ഇഷ്ടങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിച്ച രാധ അച്യുതൻ മാതൃകയാണെന്നു അവർ പറഞ്ഞു.
രാധാ അച്യുതന് വായനശാലയുടെ പുരസ്കാരം ബീന ഗോവിന്ദ് കൈമാറി. ഗവ. വിക്ടോറിയ കോളജ് മുൻ മലയാളം അധ്യാപകനും മുൻ പ്രിൻസിപ്പലുമായ ഡോ. മുരളി ഓൺലൈനിലൂടെ ആശംസ സന്ദേശം നൽകി.
വായനശാല പ്രസിഡന്റ് കാർത്തികേയൻ അധ്യക്ഷത വഹിച്ചു. പിരായിരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ കൗൺസിലറുമായ സുമതി മുഖ്യാതിഥിയായി പങ്കെടുത്തു.
വായനശാല സെക്രട്ടറി പി. ചന്ദ്രൻ, പി. മോഹനകുമാരൻ, കേരള പ്രവാസി സംഘം കണ്ണോട്ടുകാവ് പ്രസിഡന്റ് എൻഎസ്കെ മേനോൻ, രത്നാകരൻ എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരി എ.പി. രാധ അച്യുതൻ മറുപടി പ്രസംഗം നടത്തി.