വൈദ്യുതി ഉത്പാദനം 2046.16 മെഗാവാട്ട് വർധിച്ചു: മന്ത്രി കെ. കൃഷ്ണൻകുട്ടി
1597083
Sunday, October 5, 2025 6:49 AM IST
പാലക്കാട്: കഴിഞ്ഞ ഒന്പത് വർഷം കൊണ്ട് സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷിയിൽ 2046.16 മെഗാവാട്ടിന്റെ വർധനവ് ഉണ്ടാക്കാൻ സാധിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. അഗളി കോട്ടത്തറയിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഗവ. ആടുവളർത്തൽ കേന്ദ്രത്തിൽ സ്ഥാപിച്ച 450 കെഡബ്ല്യുപി ( കിലോ വാട്ട് പീക്ക്) സൗരോർജനിലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പ്രകൃതിദത്തവും പാരന്പര്യേതരവുമായ സ്രോതസുകളെ ഉപയോഗപ്പെടുത്തി തദ്ദേശീയമായി വൈദ്യുതി ഉത്പാദനം നടത്തുന്നതിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചുവരുന്നുണ്ട്. ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനശേഷിയുള്ള ജലം പുനരുപയോഗിച്ച് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പന്പ്ഡ് സ്റ്റോറേജ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കും.
വൈദ്യുതി ഇറക്കുമതി ശേഷി വർധിപ്പിക്കുന്നതിനുള്ള 400 കെവി ലൈനുകൾ പൂർത്തിയാക്കുകയും ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമണ്കൊച്ചി 400 കെവി ലൈൻ യാഥാർഥ്യമാക്കുകയും ചെയ്തതിന്റെ ഫലമായി സംസ്ഥാനത്ത് ലോഡ് ഷെഡിംഗും പവർകട്ടും പൂർണമായും ഒഴിവാക്കാനായതായും മന്ത്രി പറഞ്ഞു. പകൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്ന പദ്ധതി നടപ്പാക്കുക വഴി രാത്രിയിലെ ഉയർന്ന ഉപഭോഗം കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകും.
ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി 2,41,17,430 രൂപ ചെലവിലാണ് സൗരോർജ നിലയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. അവഗ്നി റിന്യൂവബിൾ എനർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സൗരോർജ നിലയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. അഞ്ച് വർഷത്തേയ്ക്ക് സൗരോർജനിലയത്തിന്റെ പ്രവർത്തന പരിപാലനവും നടത്തുന്നതും അവഗ്നി റിന്യൂവബിൾ എനർജി സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തന്നെയാണ്.
പദ്ധതിയിലൂടെ പ്രതിവർഷം 6,57,000 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേയ്ക്ക് നൽകുവാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് മൂന്ന് കോടി രൂപ തനത് പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ഇബി ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഒന്നാംഘട്ടമായി 500 കെഡബ്ല്യുപി സ്ഥാപിതശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സൗരോർജ വൈദ്യുതി നിലയം ഇവിടെ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ പി.സി. നീതു, എ. ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. പത്മിനി, പ്രീത മോഹൻദാസ്, വി. രജനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ സി.പി. സ്മിത തുടങ്ങിയവർ പങ്കെടുത്തു.