കരിഞ്ഞാലിപ്പള്ളത്തു മഴയിൽ ഒരേക്കർ നെൽകൃഷി നശിച്ചു
1597088
Sunday, October 5, 2025 6:49 AM IST
ചിറ്റൂർ: കനത്ത മഴയിൽ നെൽച്ചെടികൾവീണ് കരിഞ്ഞാലിപ്പള്ളം സത്യരാജിനു ഇത്തവണ കാത്തിരിക്കുന്നത് കണ്ണീർകൊയ്ത്ത്. കരിഞ്ഞാലിപ്പള്ളത്തുള്ള രണ്ടരക്കേർ വയലിൽ ഒരേക്കർ പൂർണമായും നെൽച്ചെടികൾ വീണ് കിടപ്പാണ്. ചെളിപുരണ്ട വയലിൽ ഇനി യന്ത്രക്കൊയ്ത്തു സാധ്യമല്ല.
പ്രദേശത്ത് തൊഴിലുറപ്പ് പണികൾ തുടങ്ങിയതിനാൽ കൊയ്ത്തിന് തൊഴിലാളി ക്ഷാമവുമുണ്ട്. അധികകൂലി നൽകി തമിഴ്നാട്ടിൽനിന്നും തൊഴിലാളികളെ എത്തിക്കാൻ കർഷകൻ ശ്രമം തുടങ്ങിയിരിക്കുകയാണ്. 500 രൂപ കൊയ്ത്തുകൂലിക്കു പുറമെ യാത്രക്കൂലിയും രണ്ടു നേരം ചായയും ഉച്ചയൂണും കൊടുക്കേണ്ടതായി വരുന്നു.
ഏക്കറിന് 30,000 രൂപ വരെ ചെലവഴിച്ചാണ് നെൽകൃഷി കൊയ്ത്തുപരുവത്തിലെത്തിച്ചത്. നിലവിൽ വീണുകിടക്കുന്ന ഒരേക്കർ കൊയ്ത്തു നടത്തിയാൽ തന്നെ കൂലി നൽകുവാനുള്ള തുകയെ ലഭിക്കുകയുള്ളൂഎന്നാണ് കർഷകന്റെ അഭിപ്രായം.
കൃഷിനശിച്ച സത്യരാജ് കൃഷി ഓഫീസറെ സ്ഥലത്തെത്തിച്ചു നെൽച്ചെടികൾ വീണത് കാണിച്ചെങ്കിലും പൂർണമായും കൃഷിനശിച്ചാലേ നഷ്ടപരിഹാരം ലഭിക്കു എന്നായിരുന്നു മറുപടി. ധനകാര്യസ്ഥാപനങ്ങളിൽനിന്നും വായ്പ വാങ്ങി കൃഷിയിറക്കിയത് നഷ്ടക്കച്ചവടമായതോടെ തിരിച്ചടവ് എങ്ങനെ നടക്കുമെന്നറിയാതെ ആശങ്കയിലാണ് അറുപതുകാരനായ സത്യരാജ്.