എയ്ഡഡ് സ്കൂൾ അധ്യാപകരുടെ പ്രതിസന്ധി പരിഹരിക്കണം: വൈഎംസിഎ
1597515
Tuesday, October 7, 2025 12:34 AM IST
ഒറ്റപ്പാലം: ഭിന്നശേഷിക്കാരുടെ പേരുപറഞ്ഞ് എൻഎസ്എസ് ഒഴികെയുള്ള സ്കൂൾ അധ്യാപകരുടെ നിയമനം തടഞ്ഞുവച്ചിരിക്കുന്ന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നു ഒറ്റപ്പാലം വൈഎംസിഎ ആവശ്യപ്പെട്ടു. കേരളത്തിൽ പതിനാറായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് ഇതുമൂലം വഴിമുട്ടിനിൽക്കുന്നത്.
എൻഎസ്എസിനു നൽകിയ സുപ്രീംകോടതിവിധിയിൽ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഇതേ രീതിയിൽ നടത്താമെന്ന് പരാമർശമുണ്ടായിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിക്കുകയാണെന്നു യോഗം അഭിപ്രായപ്പെട്ടു.സാക്ഷരകേരളം എന്നുപറഞ്ഞ് നാം ഊറ്റംകൊള്ളുമ്പോൾ അതിന്റെ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണെന്നും യോഗം ഓർമിപ്പിച്ചു.
സ്കൂൾവിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം നടത്തുവാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എ.ജെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി. മാത്യു, തോമസ് ജേക്കബ്, ആൻസൻ ജോൺ, കുഞ്ഞുമോൻ മാത്യു, ജോൺ സാമുവൽ, വി.ടി. ജയരാജ്, കുരുവിള എന്നിവർ പ്രസംഗിച്ചു.