ക്ഷീര സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഎം വിമതപക്ഷത്തിനു വിജയം
1597077
Sunday, October 5, 2025 6:49 AM IST
കൊഴിഞ്ഞാമ്പാറ: സിപിഎം വിഭാഗീയതയെതുടർന്ന് അഴിമതി ആരോപണം ഉയരുകയും പിന്നീടു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്ത മോടമ്പടി ക്ഷീരസംഘം വിമതപക്ഷം പിടിച്ചെടുത്തു. എതിരില്ലാതെയാണ് ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.
മോടമ്പടി ക്ഷീര സഹകരണ സംഘത്തിന്റെ പേരിൽ ഭൂമി വാങ്ങിയത് ക്ഷീരവികസനവകുപ്പിന്റെ അനുമതിയില്ലാതെയാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതുടർന്ന് ഭരണസമിതി പിരിച്ചു വിടുന്നതിനുമുന്പ് അംഗങ്ങൾ രാജിവയ്ക്കുകയും മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതി ഭരണം ഏറ്റെടുക്കുകയും ചെയ്തു.
തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ സിപിഎം ഔദ്യോഗിക പക്ഷത്തുനിന്നും നോമിനേഷൻ പോലും നൽകാതെ വന്നതോടെയാണ് വിമതപക്ഷം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സിപിഎമ്മിന്റെ കുത്തക വാർഡായ മോടമ്പടിയിൽ നാല് ബ്രാഞ്ചുകളും എൺപതോളം പാർട്ടി അംഗങ്ങളുമുണ്ടെന്നും അതിൽ ഭൂരിഭാഗം അംഗങ്ങളും ക്ഷീരസംഘത്തിലെ അംഗങ്ങളായിട്ടുപോലും ഒരാളെപോലും ഔദ്യോഗിക പക്ഷത്തിനു തെരഞ്ഞെടുപ്പിൽ നിർത്താൻ കഴിയാതെ വന്നത് ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നതിനുള്ള തെളിവാണെന്ന് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വിമതപക്ഷ നേതാവുമായ എം. സതീഷ് പറഞ്ഞു.
പി. വാഞ്ചിനാഥൻ പ്രസിഡന്റും എൻ.രാജകുമാരി വൈസ് പ്രസിഡന്റുമായ ഭരണസമിതി അധികാരമേറ്റു. എസ്. മനോഹരൻ, കെ.മുരുകരാജ്, എ. ഫരീദലി, എ. കാർത്തികേയൻ, എൻ. കാളിയമ്മാൾ തുടങ്ങിയവരാണ് മറ്റു ഭരണസമിതിയംഗങ്ങൾ.