പാലക്കാടൻ ജൈവകൃഷി സ്വായത്തമാക്കാൻ കോഴിക്കോടൻ കർഷകർ കൊല്ലങ്കോട്ട്
1597287
Monday, October 6, 2025 2:04 AM IST
കൊല്ലങ്കോട്: വൈവിധ്യമാർന്ന ജൈവകാർഷിക വിദ്യകൾ സ്വായത്തമാക്കി കോഴിക്കോട്ടെ മലയോര കർഷകർ.
പേരാമ്പ്ര ബ്ലോക്കിലെ തെരഞ്ഞെടുക്കപെട്ട കർഷകർക്കുള്ള ത്രിദിന ജൈവകൃഷി പരിശീലന പരിപാടിയിലൂടെയാണ് പാലക്കാടൻ ജൈവ കാർഷിക സംസ്കാരം കർഷകർ മനസിലാക്കിയെടുത്തത്.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കൃഷി ഭവൻ ചങ്ങരോത്ത്, ആത്മ കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി, ഏവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
ജൈവകർഷക പരിശീലകൻ എസ്. ഗുരുവായൂരപ്പൻ, ജൈവ കർഷകനായ പഴകളം രാധാകൃഷ്ണൻ എന്നിവർ കാർഷിക ഉത്പാദന വർധനവിന് ആവശ്യമായ വിവിധ ഉത്പന്നങ്ങൾ തയാറാക്കുന്നതിന് ആവശ്യമായ ജീവാമൃതം ഘന ജീവാമൃതം, ബീജാമൃതം, എന്നിവയുടെ നിർമാണത്തിൽ പരിശീലനം നൽകി. കോഴിക്കോട്ടു നിന്നെത്തിയ സംഘം ജില്ലയിലെ വിവിധ ഫാം ടൂറിസ മേഖലകൾ, കർഷക അവാർഡ് ജേതാവായ കമ്പാലത്തറ ഉണ്ണികൃഷ്ണന്റെ കൃഷിയിടം എന്നിവ സന്ദർശിച്ചു.
ആശ്രയം സൊസൈറ്റി പ്രവർത്തകർ സംഘത്തിനൊപ്പം സന്ദർശനത്തിന്റെ ഭാഗമായി.
ആത്മ കോഴിക്കോട് അസിസ്റ്റന്റ് ടെക്നോളജി മാനേജർ എം. ധനേഷ് അധ്യക്ഷത വഹിച്ച പരിശീലന ചടങ്ങിൽ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമൂവൽ ഉദ്ഘാടനം നിർവഹിച്ചു.
ഏവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് ക്ലബ് കോ-ഓർഡിനേറ്റർ പി. നാരായണൻ, സീതാർകുണ്ട് ഹെർബൽ പ്ലാന്റേഷൻ മാനേജിംഗ് ഡയറക്ടർ സുദർശനൻ, ചങ്ങരോത്ത് കൃഷി അസിസ്റ്റന്റ് അജാസ് മുഹമ്മദ്, എവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് സൊസൈറ്റി സെക്രട്ടറി കെ. ഉദയപ്രകാശ്, ആശ്രയം സൊസൈറ്റി കോ-ഓർഡിനേറ്റർ എ. ജി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.