താമരക്കുളം റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കി
1597081
Sunday, October 5, 2025 6:49 AM IST
വണ്ടിത്താവളം: വിളയോടി, താമരക്കുളം കനാൽപ്പാലത്തിനു സമീപം റോഡ് ഇടിഞ്ഞ് ഗർത്തമുണ്ടായ സ്ഥലം മിന്നൽവേഗത്തിൽ ഗതാഗതയോഗ്യമാക്കി. വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പൊതുമരാമത്ത് അധികൃതർക്ക് നൽകിയ നിർദേശത്തിലാണ് വെള്ളിയാഴ്ച രാത്രിതന്നെ റോഡ് പണിനടന്നത്. റോഡിന്റെ അടിഭാഗത്ത് ആറടിയോ ളം നീളത്തിലാണ് ഗർത്തം ഉണ്ടായിരുന്നത്.
രാത്രി കരിങ്കല്ലുകൾ നിറച്ച് മണ്ണിട്ടുമൂടി ഗർത്തം പൂർണമായും അടച്ച് പുലർച്ചെ ഒരു മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 15 സ്വകാര്യബസുകൾക്ക് പുറമെ നൂറുകണക്കിനു ഇതര വാഹനങ്ങൾ സഞ്ചരിക്കുന്ന വണ്ടിത്താവളം - ചിറ്റൂർ പ്രധാനപാതയിലാണ് ഭീമാകാരമായ ഗർത്തം ഉണ്ടായത്. അപകടാവസ്ഥ മനസിലാക്കിയ സമീപവാസികൾ റോഡിൽ വാഹനഗതാഗതം നിയന്ത്രിച്ച് വിവരം അധികൃതരെ അറിയിക്കുകയാണുണ്ടായത്. റോഡ് തകർന്ന കനാലിനു സമീപത്ത് വാഹനസഞ്ചാര സുരക്ഷക്കായി സംരക്ഷണഭിത്തി നിർമാണവും അടിയന്തരാവശ്യമായിരിക്കുകയാണ്.