ജ്യോതിസ് പദ്ധതി കേരള വിദ്യാഭ്യാസത്തിന് മാതൃക: മന്ത്രി വി. ശിവൻകുട്ടി
1597089
Sunday, October 5, 2025 6:49 AM IST
പാലക്കാട്: ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തും പട്ടാന്പി മണ്ഡലവും ചേർന്ന് നടത്തുന്ന ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
പദ്ധതിയുടെ ദശ വാർഷിക സംഗമത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്ത് വർഷമായി വിദ്യാർഥികളുടെ പഠനമികവും സർഗാത്മക കഴിവുകളും വളർത്തുന്നതിൽ പദ്ധതി നിർണായക പങ്ക് വഹിച്ചു. 20,000 ത്തിലധികം വിദ്യാർഥികളുടെ പങ്കാളിത്തം, രക്ഷിതാക്കളുടെ സഹകരണം, അധ്യാപകരുടെ സമർപ്പണം എന്നിവ പദ്ധതിയുടെ വിജയത്തിന് മുതൽക്കൂട്ടായി.
സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ട് ശാസ്ത്രം, ചരിത്രം, കായികം, ഭാഷാശൈലി, കലാസൃഷ്ടികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും സർഗശേഷി വികസിപ്പിക്കാൻ കഴിഞ്ഞു. പ്രദേശത്തെ വിദ്യാലയങ്ങളിലെ സൗകര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരിപാടിയിൽ ജ്യോതിസ് പദ്ധതി കോ-ഓർഡിനേറ്റർ പി. നാരായണനെ ആദരിച്ചു. വാടാനാംകുറിശി ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.