സഹവാസ ക്യാമ്പുകൾക്കു സ്കൂളുകൾ അനുവദിക്കുന്നില്ല; പ്രതിഷേധമുയരുന്നു
1597514
Tuesday, October 7, 2025 12:34 AM IST
ഒറ്റപ്പാലം: സഹവാസ ക്യാമ്പുകൾക്കു സ്കൂളുകൾ അനുവദിക്കാത്തവർക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധമുയരുന്നു.
വിദ്യാലയങ്ങളിലെ എൻസിസി, എൻഎസ്എസ്, സ്കൗട്ട്, എസ്പിസി തുടങ്ങിയ വിദ്യാർഥി കൂട്ടായ്മകളുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ചില സ്കൂളുകളിൽ സ്ഥലം അനുവദിക്കാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നെന്നാണ് പരാതി. രണ്ടുദിവസം മുതൽ ഏഴുദിവസം വരെയുള്ള സഹവാസ ക്യാമ്പുകൾ പാഠ്യാനുബന്ധമായി നിർബന്ധമായി നടത്തേണ്ടതാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇത്തരം ക്യാമ്പുകളിൽ 50 വിദ്യാർഥികൾ വരെ പങ്കെടുക്കാറുമുണ്ട്.
പെൺകുട്ടികളും ആൺകുട്ടികളുമടങ്ങുന്ന അമ്പതോളം വിദ്യാർഥികൾ ഏഴുദിവസം താമസിച്ച് പ്രവർത്തനങ്ങൾ നടത്തേണ്ടത് മറ്റൊരു സ്കൂൾ കാമ്പസിലായിരിക്കണം എന്നും ഉത്തരവിൽ പറയുന്നുണ്ട്.
സ്വന്തം സ്കൂളുകളിൽ ഇത്തരം ക്യാമ്പുകൾ നടത്താനും സാധാരണ ഗതിയിൽ അനുവാദമില്ല. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ്, ബിഎഡ്, ടിടിസി തലങ്ങളിലൊക്കെ ഇത്തരത്തിൽ സഹവാസ ക്യാമ്പുകൾ നിർബന്ധമായും സംഘടിപ്പിക്കേണ്ടതുണ്ട്.
എന്നാൽ ക്യാമ്പ് നടത്താൻ സ്ഥലംകിട്ടാതെ ചുമതലയുള്ള അധ്യാപകർ അവധിക്കാലത്ത് ബുദ്ധിമുട്ടി. ക്യാമ്പുകൾക്ക് സ്കൂളുകൾ അനുവദിക്കുന്നത് ആരുടെയും ഔദാര്യമല്ലന്നാണ് അധ്യാപകരുടെ വാദം.
കുട്ടികൾക്ക് അവകാശപ്പെട്ടതാണിതെന്നും, വിദ്യാലയങ്ങളും അവിടുത്തെ സൗകര്യങ്ങളും പ്രയോജനപ്പെടുന്ന സാഹചര്യമുണ്ടാകണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമുഖത കാണുക്കുന്ന വിദ്യാലയ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാവണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു. ഒരിക്കൽ പോലും ക്യാമ്പിന് സ്ഥലം അനുവദിക്കാത്ത നിരവധി സ്കൂളുകളുണ്ടന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
സ്വന്തം സ്കൂളുകൾ മറ്റു സ്കൂളുകാർക്ക് അനുവദിക്കാത്തവർ പരാതി പറയുന്നതിൽ കാര്യമില്ലെന്നും ആക്ഷേപമുയരുന്നു. ക്യാമ്പ് നടത്തിയ സ്കൂളുകളിൽ പിന്നീട് മൂന്നുവർഷംവരെ ക്യാമ്പ് നടത്താൻ പാടില്ല, സ്വന്തം സ്കൂളുകളിൽ ക്യാമ്പ് പാടില്ല, രണ്ടു കിലോമീറ്ററിനപ്പുറമുള്ള സ്കൂളുകൾ തെരഞ്ഞെടുക്കണം തുടങ്ങി ഉത്തരവുകൾ വേറെയുമുണ്ട്.
അതുകൊണ്ടുതന്നെ ഓരോ വർഷവും മറ്റു സ്കൂളുകൾ തേടിപ്പോകേണ്ട ഗതികേടിലാണ് ഉത്തരവാദപ്പെട്ട അധ്യാപകർ.