നിർമാണം പൂർത്തിയായിട്ട് നാലു വർഷം : ആശുപത്രി കെട്ടിടം തുറക്കാതെ പഞ്ചായത്ത്
1600991
Sunday, October 19, 2025 6:58 AM IST
കാണക്കാരി: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ ചെലവഴിച്ച് നാലു വർഷം മുമ്പു നിർമിച്ച കെട്ടിടം കാടുപിടിച്ചു കിടക്കുന്നു. കാണക്കാരി പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിന്റെ ഒപി കെട്ടിടം തുറന്നു പ്രവർത്തിക്കാനാണ് അധികൃതർ തയ്യാറാകാത്തത്.
മോൻസ് ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് കെട്ടിടം നിർമാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചത്. മുഴുവൻ തുകയും യഥാസമയം അനുവദിച്ച് നാലുവർഷം മുമ്പ് നിർമാണം പൂർത്തിയാക്കിയെങ്കിലും കെട്ടിടത്തിൽ ഒപി വിഭാഗം പ്രവർത്തിപ്പിക്കാനുള്ള നടപടികൾക്ക് പഞ്ചായത്ത് കമ്മിറ്റി തയാറാകുന്നില്ലെന്ന് കേരള കോൺഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിർമാണം പൂർത്തീകരിച്ച ഒപി കെട്ടിടത്തിന്റെ പ്രവർത്തനം ഉടനാരംഭിക്കണമെന്ന് കേരള കോൺഗ്രസ് കാണക്കാരി മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. നാലുവർഷം പിന്നിട്ടിട്ടും രോഗികൾക്കായി കെട്ടിടത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്താത്ത കാണക്കാരി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയിൽ യോഗം പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ അധ്യക്ഷത വഹിച്ച യോഗം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, ഡോ. ടി.ടി. തോമസ്, അഡ്വ. ജോസഫ് മുടക്കനാട്ട്, ജോസഫ് ബോനിഫെസ്, രാജു എമ്മാനുവൽ, സണ്ണി പാലമറ്റം, ജോബിൻ വാഴപ്പള്ളി, സന്തോഷ് കുളത്തിനായിൽ, ബാബൂസ് രത്നഗിരി തുടങ്ങിയവർ പ്രസംഗിച്ചു.