പണം വാങ്ങിയിട്ടും റോഡുപണി ആരംഭിക്കാത്തതിൽ പ്രതിഷേധം
1600776
Saturday, October 18, 2025 6:42 AM IST
വൈക്കം: അംഗപരിമിത ദമ്പതികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡ് നിർമിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി റോഡുനിർമിക്കുന്നതിനുഅംഗപരിമിത ദമ്പതികളിൽ നിന്നടക്കം പണം വാങ്ങിയിട്ടും പണി ആരംഭിക്കാത്തതിൽ പ്രതിഷേധം.
അംഗപരിമിതനായ തലയാഴം അമ്പാനപ്പള്ളി കാട്ടുതറ രമേശൻ,സമീപസ്ഥലം ഉടമകളായ രണ്ടു പേർ എന്നിവരിൽ നിന്നടക്കം 15-ാം വാർഡ് മെംബർ ഇടപ്പെട്ട് 20,000 രൂപ നിർമാണം നടത്താമെന്നേറ്റയാൾക്ക് നൽകി ഒരുമാസം കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ലെന്നാണ് ആരോപണം.
130 മീറ്റർ ദൈർഘ്യമുള്ള റോഡ് മണ്ണിട്ടുയർത്തി സഞ്ചാരയോഗ്യമാക്കാൻ 4,44,000 രൂപയുടെ പദ്ധതിയാണ് പഞ്ചായത്ത് വിഭാവനം ചെയ്തത്. രമേശനും പൊതുപ്രവർത്തകനായ ജിതിനും പണി ആരംഭിക്കാത്തകാര്യം പഞ്ചായത്തിലെത്തി സംസാരിച്ചപ്പോൾ പ്രസിഡന്റടക്കം ഇവരോട് കയർത്ത് സംസാരിച്ചെന്നും രമേശൻ ആരോപിച്ചു.
കാഴ്ചത്തകരാർ വന്നതോടെ രമേശന്റെ ഭാര്യ കുത്തുമണി വീട്ടിലിരിപ്പായി. മുച്ചക്ര വാഹനത്തിൽ പുറത്തു പോയിവരുന്ന രമേശൻ വീട്ടിലേക്കുള്ള വഴി ചെളിക്കുളമായതോടെ വീട്ടിൽനിന്നു കുറച്ച് അകലെയുള്ള വീട്ടുവളപ്പിൽ വാഹനം വച്ചശേഷം വടിയിലൂന്നി ചെറുവള്ളത്തിൽ കയറിയാണ് കരിയാറിന്റെ തീരത്തുള്ള വീട്ടിൽ എത്തുന്നത്. വീട് താഴ്ന്ന പ്രദേശത്തായതിനാൽ കരിയാറിൽ ജലനിരപ്പുയർന്നാൽ രമേശന്റെ വീടും പരിസരവും വെള്ളക്കെട്ടിലാകും.
കൂലിപ്പണിക്കാരനായ മകന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. നൂറുവർഷത്തിലധികമായി രമേശന്റെ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. നവകേരള സദസിൽ വഴിക്കായി രമേശൻ പരാതി നൽകിയപ്പോൾ ഉടൻ വഴി നിർമിക്കാമെന്ന് സർക്കാരിന് പഞ്ചായത്ത് ഉറപ്പു നൽകി രണ്ടു വർഷം കഴിഞ്ഞിട്ടും പാലിച്ചില്ലെന്ന് രമേശൻ പറഞ്ഞു.
എൽഡിഎഫ് സമരം നടത്തി
അംഗപരിമിത ദമ്പതികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു എൽഡിഎഫ് തലയാഴം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.
മാർച്ചും ധർണയും സി പി ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗം എസ്.ദേവരാജൻ അധ്യക്ഷത വഹിച്ചു.