മുണ്ടക്കയത്ത് വൈദ്യുതിമുടക്കം പതിവ്; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
1600547
Friday, October 17, 2025 10:54 PM IST
മുണ്ടക്കയം: മുണ്ടക്കയം, മുപ്പത്തൊന്നാംമൈൽ, പൈങ്ങന മേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പൊതുജനങ്ങളെ വലയ്ക്കുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ദിവസങ്ങളിലാണ് പകൽ സമയങ്ങളിൽ വൈദ്യുതി പൂർണമായും മുടങ്ങിയത്. മുന്പ് പത്രങ്ങളിലൂടെയും മറ്റ് മീഡിയകളിലൂടെയും മുൻകൂട്ടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇതുണ്ടാകാറില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പെടെ പല ഗുരുതര രോഗങ്ങൾക്കുമുള്ള മരുന്നുകൾ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതുമൂലം പലരുടെയും ജീവൻരക്ഷാ മരുന്നുകൾ വരെ കേടുവന്ന് നശിക്കുന്നതായി പരാതി ഉയരുന്നുണ്ട്. അതോടൊപ്പം തുടരെ വൈദ്യുതി പോകുകയും വരികയും ചെയ്യുന്നത് വീടുകളിലെ ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിക്കാൻ ഇടയാക്കുന്നതായും ആക്ഷേപ്പമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾക്കായി തുടർച്ചയായ സമയങ്ങളിൽ വൈദ്യുതി കട്ട് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി വ്യക്തമായ സന്ദേശം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം, പൈങ്ങന മേഖലയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നതെന്നും ഇത് കൃത്യമായി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്.