കിടപ്പുരോഗിയായ വീട്ടമ്മ കൊല്ലപ്പെട്ടു; ഭര്‍ത്താവ് പിടിയില്‍
1600901
Sunday, October 19, 2025 5:53 AM IST
പാലാ: കിടങ്ങൂരില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലീസ് പിടിയില്‍. കിടങ്ങൂര്‍ സൗത്ത് മാന്താടി കവലയ്ക്കു സമീപം ഏലക്കോടത്ത് വീട്ടില്‍ രമണി (70)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സോമനെ (74) കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യ രമണി ഏറെക്കാലമായി കിടപ്പിലായിരുന്നതും അടുത്തിടെ അവര്‍ക്കു ശാരീരിക അസ്വസ്ഥതകള്‍ വര്ധിച്ചതിലുമുള്ള മാനസിക വിഷമത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ഇളയ മകന് ശ്രീകുമാറിനെയും കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു പദ്ധതി യെന്ന് സോമന് പോലീസിനോടു പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. പക്ഷാഘാതം വന്നു മൂന്നു വര്‍ഷത്തോളമായി രമണി കിടപ്പിലായിരുന്നു. എട്ടു മാസം മുമ്പ് ഇടുപ്പെല്ലിനും കാര്യമായ അസുഖങ്ങള്‍ ബാധിച്ചു. ഇതോടെ പിടിച്ചു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി.
മേസ്തിരി പണിക്കാരനായ സോമനായിരുന്നു രമണിയെയും ഇളയ മകനെയും പരിചരിച്ചിരുന്നത്. നാള്‍ക്കുനാള്‍ രമണിയുടെ രോഗാവസ്ഥ മോശമായത് സോമനെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതോടെയാണ് സോമന് ഭാര്യയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കുവാന്‍ തീരുമാനിച്ചതെന്നു പോലീസ് പറയുന്നു.പുലര്‍ച്ചെ തോര്‍ത്ത് ഉപയോഗിച്ചു കഴുത്തു മുറുക്കി രമണിയെ കൊലപ്പെടുത്തി. വീടിന്റെ ഹാളില്‍ കിടന്നുറങ്ങിയായിരുന്ന ശ്രീകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൈ തട്ടിമാറ്റി ബഹളം കൂട്ടി.
ഈ സമയം മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന മൂത്തമകന് സുനീത് ബഹളം കേട്ട് എത്തുകയും പിതാവിന്റെ കൈ പിടിച്ചുമാറ്റി സഹോദരനെ രക്ഷിക്കുകയും ചെയ്തു.
തുടര്‍ന്നു കൊലപാതക വിവരം പഞ്ചായത്ത് മെംബറെയും സമീപവാസികളെയും വിളിച്ചറിയിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കൊലപാതകത്തിനു ശേഷം നിര്‍വികാരനായി വീട്ടില്‍ തന്നെയിരിക്കുകയായിരുന്നു സോമന്.
രമണിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ സംസ്കരിച്ചു. കോടതിയില്‍ ഹാജരാക്കിയ സോമനെ റിമാന്‍ഡ് ചെയ്തു.
കിടങ്ങൂര്‍ എസ്എച്ച്ഒ കെ.എന്‍. മഹേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ രാംദാസ്, എഎസ്ഐ മാരായ അരുണ്‍കുമാര്‍, സതീഷ് കുമാര്‍, സുരേഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.