ലോഗോസ് ക്വിസ് : അമ്മയും മക്കളും രൂപതാതല വിജയികൾ
1600775
Saturday, October 18, 2025 6:42 AM IST
കുറവിലങ്ങാട്: മാതാപിതാക്കളും മക്കളും ഒരുമിച്ചിരുന്ന് വചനം പഠിച്ചു. ഫലം വന്നപ്പോൾ അമ്മയ്ക്കും മക്കൾക്കും പാലാ രൂപതാതലത്തിൽ മിന്നുന്ന വിജയം. ലോഗോസ് ക്വിസിലാണ് രൂപതാതലത്തിലെ രണ്ട് ഒന്നാംസ്ഥാനങ്ങളും ഒരു മൂന്നാംസ്ഥാനവും ഒരു വീട്ടിലേക്ക് എത്തിയത്.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ വടക്കേവെള്ളാക്കൽ വീട്ടിലാണ് വചനമനനത്തിന്റെ ഒന്നാംസ്ഥാനങ്ങൾ ഒരുമിച്ചെത്തിയത്. പുത്തൻകുരിശ് മുത്തൂറ്റ് എൻജിനിയറിംഗ് കോളജ് അധ്യാപകനായ വടക്കേവെള്ളാക്കൽ ഡോ. റിജോ സെബാസ്റ്റ്യന്റെ ഭാര്യ ഡിന്റ ഫ്രാൻസിസ്, മക്കളായ ആൽബർട്ട് റിജോ, ആഗ്നസ് റിജോ എന്നിവരാണ് മിന്നും വിജയം നേടിയത്. ഡി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ഡിന്റ ഫ്രാൻസിസ് മോനിപ്പള്ളി പോസ്റ്റ്ഓഫീസിൽ പോസ്റ്റ് മിസ്ട്രസാണ്. ആൽബർട്ടും ആഗ്നസും നസ്രത്ത്ഹിൽ ഡി പോൾ സ്കൂൾ വിദ്യാർഥികളാണ്.
എ കാറ്റഗറിയിലാണ് ആൽബർട്ടിന്റെ ഒന്നാംസ്ഥാനം. ആഗ്നസ് ബി കാറ്റഗറിയിൽ രൂപതാതലത്തിൽ മൂന്നാം സ്ഥാനത്താണ്. 2023ൽ സംസ്ഥാനതലത്തിൽ നാലാം സ്ഥാനം ആഗ്നസ് നേടിയിരുന്നു.
വിജയികളെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി. വികാരി ഫാ. ജോസഫ് ചൂരയ്ക്കൽ, സോൺ ലീഡർ ജിയോ കരികുളം, സോൺ സെക്രട്ടറി ഷൈനി സാബു മഞ്ഞപ്പള്ളിൽ, പള്ളിയോഗ പ്രതിനിധി ട്രീസ മാൻകൂട്ടത്തിൽ, കുടുംബകൂട്ടായ്മ യൂണിറ്റ് ഭാരവാഹികൾ, വിശ്വാസപരിശീലകർ എന്നിവർ അഭിനന്ദിച്ചു.