പുനര്‍ജനിക്കുമോ, ചങ്ങനാശേരിയിലെ പടിഞ്ഞാറന്‍ ബൈപാസ്...?
1600778
Saturday, October 18, 2025 6:42 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലെ പടിഞ്ഞാറന്‍ ബൈപാസ് എന്ന ജനകീയ ആഗ്രഹം ഇനിയും അകലെ. ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതിയിട്ടതായിരുന്നു പടിഞ്ഞാറന്‍ ബൈപാസ്.
എംസി റോഡില്‍ (ഇപ്പോഴത്തെ എന്‍എച്ച്-183) ചങ്ങനാശേരി നഗരപരിധിയിലെ പാലാത്രച്ചിറയില്‍ ആരംഭിച്ച് വാഴപ്പള്ളി, പായിപ്പാട്, പെരിങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇടിഞ്ഞില്ലത്തിനു സമീപം എംസി റോഡില്‍(എന്‍എച്ച്-183) എത്തിച്ചേരുന്ന വിധത്തിലായിരുന്ന ഈ ബൈപാസ് വിഭാവനം ചെയ്തിരുന്നത്. ളായിക്കാട്-പാലാത്രച്ചിറ ചങ്ങനാശേരി കിഴക്കന്‍ ബൈപാസ് പൂര്‍ത്തിയായതിനു പിന്നാലെ 2012 കാലഘട്ടത്തില്‍ അന്നത്തെ എംഎല്‍എയായിരുന്ന സി.എഫ്. തോമസാണ് പടിഞ്ഞാറന്‍ ബൈപാസിനുള്ള പദ്ധതി വിഭാവനം ചെയ്തത്.
ബൈപാസ് നിര്‍മാണത്തിനായി 57 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വീടുകള്‍ പൊളിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കി ചതുപ്പുനിലം നികത്തി ബൈപാസ് നിര്‍മിക്കാനായിരുന്നു പൊതുമരാമത്തുവകുപ്പ് അന്ന് അലൈന്മെന്റ് തയാറാക്കിയത്. നിയമക്കുരുക്കുകളും കേസുകളും ഒഴിവാക്കാനാണ് പാടശേഖരങ്ങളിലൂടെ പദ്ധതി ആവിഷ്കരിച്ചത്. റോഡു കടന്നുപോകുന്ന ഭാഗത്ത് പൊതുമരാമത്തു വകുപ്പ് കല്ലുകള്‍ വരെ സ്ഥാപിച്ച് സര്‍വേ നടപടികളും പൂര്‍ത്തിയാക്കി ഫാസ്റ്റ് ട്രാക്കില്‍പ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്ന നടപടിയുടെ അന്ത്യഘട്ടംവരെ എത്തിയിരുന്നു.
ബൈപാസിന്റെ രൂപരേഖ ഇപ്രകാരമായിരുന്നു
എംസി റോഡില്‍ പാലാത്രച്ചിറയില്‍ ആരംഭിച്ച് കോണത്തോട്, കുറ്റിശേരിക്കടവ്, പറാല്‍, വെട്ടിത്തുരുത്ത് ഭാഗങ്ങളിലൂടെ കടന്ന് ചങ്ങനാശേരി-ആലപ്പുഴ റോഡിലെത്തി എസി കനാലിനു കുറുകെ പാലം നിര്‍മിച്ച് പെരുമ്പുഴക്കടവു വഴി ളായിക്കാടിനു സമീപം എത്തിച്ചേരുന്ന വിധമായിരുന്ന ബൈപാസിന്റെ രൂപരേഖ. മുപ്പതുമീറ്റര്‍ വീതിയില്‍ എട്ടു കിലോമീറ്റര്‍ ദൂരം വരുന്നതായിരുന്നു പദ്ധതി.
ളായിക്കാട്-പാലാത്രച്ചിറ കിഴക്കന്‍ ബൈപാസും നിര്‍ദിഷ്ട പടിഞ്ഞാറന്‍ ബൈപാസും ബന്ധിപ്പിച്ച് ചങ്ങനാശേരി നഗരത്തിലെ റിംഗ് റോഡ് എന്ന നിലയില്‍ നിര്മിക്കാനായിരുന്ന ആസൂത്രണം.
ബൈപാസിന് പ്രതിസന്ധിയായി നീര്‍ത്തട-നെല്‍വയല്‍ സംരക്ഷണ നിയമം
ബൈപാസ് രൂപകല്പന ചെയ്തിരുന്നത് ഭൂരിഭാഗവും ചതുപ്പും നെല്‍വയലും നിറഞ്ഞ പ്രദേശത്തുകൂടിയായിരുന്നു. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ സമിതിയുടെ അനുമതി പദ്ധതിക്ക് അനിവാര്യമായിരുന്നു. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമാണ് ബൈപാസ് നിര്‍മാണത്തിനു പ്രതിസന്ധിയായത്.
പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിന് ഏറെ ഉപകരിക്കുന്നതായിരുന്നു ഈ ബൈപാസ് പദ്ധതി. ആളുകള്‍ക്ക് വലിയതോതില്‍ പ്രതിസന്ധി സൃഷ്ടിക്കാത്ത ഈ പദ്ധതി പുനരാവിഷ്കരിച്ചാല്‍ ചങ്ങനാശേരിക്ക് ഏറെ ഉപകാരപ്പെടുമെന്ന നിര്‍ദേശമാണ് നിലനില്‍ക്കുന്നത്.