ചിറക്കടവ് പഞ്ചായത്തിലെ സംവരണവാർഡ് നിർണയത്തിൽ വീഴ്ചയെന്ന് സിപിഎം
1600806
Sunday, October 19, 2025 3:54 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ സംവരണവാർഡ് നിർണയത്തിൽ വീഴ്ചയുണ്ടായെന്ന് സിപിഎം. ഇതുസംബന്ധിച്ച് സിപിഎം ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എൻ.കെ. സുധാകരൻനായർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ചിറക്കടവിൽ അടുത്തടുത്ത ആറുമുതൽ ഒന്പതുവരെ വാർഡുകളും 19 മുതൽ 22 വരെ വാർഡുകളും സംവരണസീറ്റുകളായി. 10 മുതൽ 13 വരെ അടുത്തടുത്ത വാർഡുകൾ ജനറലുമായി. നറുക്കെടുപ്പ് നടപടിക്രമത്തിലെ പിഴവാണിതിന് കാരണമെന്നാണ് പരാതി.
ഡീലിമിറ്റേഷന്‍ ശേഷം രണ്ടു വാർഡ് കൂടിയ ചിറക്കടവിൽ അനുബന്ധം ആർ-നാല് പ്രകാരമാണ് സംവരണവാർഡുകൾ നിർണയിക്കേണ്ടത്. കോളം അഞ്ചിൽനിന്ന് കോളം നാല് ഒഴിവാക്കി ബാക്കി വരുന്ന വാർഡുകളിൽനിന്നുവേണം സ്ത്രീസംവരണം നിശ്ചയിക്കാൻ.
എന്നാൽ, കോളം നാല് പ്രകാരം നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കേണ്ട എട്ടുവാർഡുകളുടെ കൂടെ ബാക്കി 14 വാർഡുകളിൽനിന്ന് മൂന്നു വാർഡുകൾ മാത്രമാണ് നറുക്കെടുത്തത്. ഇതുമൂലമാണ് അടുത്തടുത്ത വാർഡുകൾ സംവരണത്തിൽപ്പെട്ടതെന്നാണ് പരാതി.