ട്രാക്കിലും ഫീല്‍ഡിലും സ്വര്‍ണം വാരിക്കൂട്ടി പാലായിലെ പിള്ളേര് പെന്നായി
1600581
Saturday, October 18, 2025 12:02 AM IST
പാലാ: ട്രാക്കിലും ഫീല്‍ഡിലും സ്വര്‍ണം വാരിക്കൂട്ടി പാലായിലെ പിള്ളേര് പെന്നായി. റവന്യു ജില്ലാ കായിക മേളയില്‍ പാലാ വിദ്യഭ്യാസ ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.
ആദ്യ ദിനം മുതല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിപ്പ് തുടങ്ങി പാലാ ഉപജില്ല അവസാന മത്സരത്തില്‍ വരെ വിജയകുതിപ്പ് തുടര്‍ന്നു. 38 സ്വര്‍ണവും 25 വെള്ളിയും 16 വെങ്കലവുമായി 327 പോയിന്റുമായാണ് പാലായുടെ കിരീടം. 18 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമായി 167 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 12 സ്വര്‍ണവും 16 വെള്ളിയും 11 വെങ്കലവുമായി 132 പോയിന്റ് നേടി ഈരാറ്റുപേട്ട ഉപജില്ല മൂന്നാമതെത്തി.
സ്കൂള്‍ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 23 സ്വര്‍ണവും 16 വെള്ളിയും ഏഴു വെങ്കലവുമായി 170 പോയിന്റുമായാണ് പാലാ സെന്റ് തോമസ് ഒന്നാമതെത്തിയത്. 10 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലുവമായി 93 പോയിന്റ് നേടി പൂഞ്ഞാര്‍ എസ്എംവി രണ്ടാമതും അഞ്ചു സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമായി 42 പോയിന്റ് നേടി സെന്റ് പീറ്റേഴ്സ് കുറമ്പനാടം മൂന്നാമതുമെത്തി. മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്ഇ, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ്, ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് എന്നീ സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനത്തെത്തി.
വന്നു, എറിഞ്ഞു, നേടി
പാലാ: വന്നു, എറിഞ്ഞു ഒന്നാംസ്ഥാനവുമായി അവിനാഷ് അനീഷിന്റെ മടക്കം. സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് സ്കൂബളിലെ അവിനാഷാണ് ഒന്നാമതെത്തിയത്. 36.87 മീറ്ററാണ് അവിനാഷ് എറിഞ്ഞത്.
പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കൈ ഇടറിയെങ്കിലും മത്സരത്തില്‍നിന്നു പിന്മാറാതെ വിജയവുമായാണ് അവിനാശിന്റെ മടക്കം. ജില്ലാ കായികമേളയില്‍ ചാമ്പ്യനായതോടെ ഇനി ജാവലിനില്‍ ഒരു കൈ നോക്കാമെന്നാണ് അവിനാഷ് പറയുന്നത്. ആലപ്പുഴ കണ്ണാടി അനീഷ്-ലാവണ്യ ദമ്പതികളുടെ മകനാണ്.