അഞ്ചുവിളക്കിന്റെ നാട് എങ്ങോട്ട് ?
1600777
Saturday, October 18, 2025 6:42 AM IST
തെക്കുംകൂര്‍ രാജഭരണത്തിലായിരുന്ന ചങ്ങനാശേരി സാസ്കാരിക, വിദ്യാഭ്യാസ പാരമ്പര്യങ്ങൾക്കും മതമൈത്രിക്കും ഖ്യാതി കേട്ട നഗരമാണ്. പുരാതനപ്രശസ്തമായ ചങ്ങനാശേരി അതിരൂപതയുടെയും നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും ആസ്ഥാനങ്ങള്‍ ചങ്ങനാശേരി ഇവിടെയാണെന്നതും അഞ്ചുവി ളക്കിന്റെ നാടിനെ അതുല്യമാക്കുന്നു.
പുണ്യപിതാക്കന്മാരുടെ കബറിടംകൊണ്ട് പവിത്രമായ കത്തീഡ്രല്‍ പള്ളിയും, തങ്ങള്‍മാരുടെ ഓര്‍മകള്‍ നിലനില്‍ക്കുന്ന മുസ്ലിം പഴയ പള്ളിയും മഹാത്മജിയുടെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പര്ശത്താല് ധന്യമായ ആനന്ദാശ്രമവും അതിപ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചങ്ങനാശേരിയുടെ അഭിമാനസ്തംഭങ്ങളാണ്.
1805ല്‍ വേലുത്തമ്പി ദളവ ചങ്ങനാശേരി ചന്ത ഉദ്ഘാടനം ചെയ്തതിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച അഞ്ചുവിളക്ക് ചരിത്ര പ്രസിദ്ധമാണ്. നൂറ്റാണ്ടു പിന്നിട്ട മുനിസിപ്പല്‍ നഗരമെന്ന പ്രശസ്തിയും പ്രഗത്ഭരായ ഭരണാധികാരികള്‍ നയിച്ചുവെന്ന ബഹുമതിയും ചങ്ങനാശേരി നഗരസഭയ്ക്കുണ്ട്.
മധ്യതിരുവിതാംകൂറില്‍ കോട്ടയം ജില്ലയുടെ തെക്കേയറ്റത്തുള്ള ചങ്ങനാശേരിയുടെ മൂന്നുവശവും പുഞ്ചപ്പാടങ്ങൾ അതിരിട്ട ദ്വീപു പോലെ യാണ്്. കുട്ടനാടിന്റെയും മലനാടിന്റെയും സംഗമഭൂമി കൂടിയാണ് മതമൈത്രിക്കും പേരുകേട്ട ചങ്ങനാശേരി.
കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ കാലുമാറ്റത്തിലും കൂറുമാറ്റത്തിലും ഇടതു-വലതു ഭരണങ്ങള്‍ അട്ടിമറിക്കപ്പെട്ട് സ്ഥിരതയില്ലാത്ത സമിതികള്‍ മാറിമാറി ഭരണത്തിലെത്തിയ രാഷ്ട്രീയചരിത്രവും ചങ്ങനാശേരി നഗരസഭയ്ക്കുണ്ട്.
ഒറ്റനോട്ടത്തില്‍
വിസ്തീര്‍ണം: 13.5 ച.മീ.
ആകെ ജനസംഖ്യ: 47,694.
വാര്‍ഡുകൾ: 37.
പുനര്‍വിഭജനത്തില്‍ വാര്‍ഡുകളിലെ വീടുകള്‍ തമ്മില്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ല.
2020 ഡിസംബറിലെ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്രാംഗങ്ങളായ സന്ധ്യ മനോജ് -ചെയര്‍പേഴ്സണ്‍, ബെന്നി ജോസഫ് -വൈസ് ചെയര്മാന് എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു.
31 മാസം തികഞ്ഞപ്പോള്‍ യുഡിഎഫ് പക്ഷത്തായിരുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും സ്വതന്ത്രാംഗവുമായ ബീന ജോബിയും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. ബീനാ ജോബി ചെയര്‍പേഴ്സണും മാത്യൂസ് ജോര്‍ജ് വൈസ് ചെയര്‍മാനുമായ ഇടതു ഭരണസമിതി നിലവില്‍ വന്നു. ഒരു വര്‍ഷത്തിനുശേഷം ബീന ജോബി രാജിവച്ചു. സിപിഎം അംഗമായ കൃഷ്ണകുമാരി രാജശേഖരന് ചെയര്‍പേഴ്സണാകുകയും ചെയ്തു.
ആദ്യ കക്ഷിനില
അംഗങ്ങള്‍: 37
കോണ്‍ഗ്രസ്-ഒമ്പത്. കേരള കോണ്‍ഗ്രസ്-നാല്, ലീഗ്-ഒന്ന്, സ്വതന്ത്രര്‍-നാല്, സിപിഎം-13, കേരള കോണ്‍-എം-ഒന്ന്, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന്, സിപിഐ-ഒന്ന്, ബിജെപി-മൂന്ന്.
ഇപ്പോഴത്തെ കക്ഷിനില
അംഗങ്ങള്‍: 35
കോണ്‍ഗ്രസ്-ഏഴ്, കേരള കോണ്‍ഗ്രസ്-നാല്, ലീഗ്-ഒന്ന്, സ്വതന്ത്രര്‍-നാല്, സിപിഎം-13, കേരള കോണ്‍ഗ്രസ് എം-ഒന്ന്, ജനാധിപത്യ കേരള കോണ്‍ഗ്രസ്-ഒന്ന്, സിപിഐ-ഒന്ന്, ബിജെപി-മൂന്ന്.
കൂറുമാറി എല്‍ഡിഎഫിനെ പിന്തുണച്ച രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്താക്കി.
നേട്ടങ്ങള്‍
കേരളത്തില്‍ ആദ്യമായി ചങ്ങനാശേരി നഗരസഭയില്‍ സിഎന്‍ജി പ്ലാന്റിന് 23.50 കോടിയുടെ ലോകബാങ്കിന്റെ ധനസഹായ അംഗീകാരം.
കുടിവെള്ളത്തിന് 15 കോടിയുടെ പദ്ധതി. ഏഴുകിലോമീറ്റര്‍ പുതിയ പൈപ്പും ആറു കിലോമീറ്റര്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണികളും. 255 കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്.
448 കുടുംബങ്ങള്‍ക്ക് ലൈഫ് വീടുകള്‍.
37 വാര്‍ഡുകളിള്‍ 23 കോടിയുടെ റോഡ് നവീകരണം.
15 ഹൈമാസ്റ്റ് വിളക്കുകള്‍, 57 മിനിമാസ്റ്റ് വിളക്കുകള്‍. വിവിധ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ തെളിക്കാന്‍ സയമബന്ധിത നടപടി.
ശുചിമുറി മാലിന്യസംസ്കരണം ആധുനികവത്കരിക്കാന്‍ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്.
ഹരിതകര്‍മസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം. പ്ലാസ്റ്റിക് മാലിന്യനിര്‍മാജനത്തില്‍ മുന്നേറ്റം.
തുമ്പൂര്‍മൂഴി മാതൃക മാലിന്യ സംസ്കരണം വിജയകരം.
മാലിന്യ സംസ്കരണ വികേന്ദ്രീകരണത്തിന്റെ ഭാഗമായി 5000 കുടുംബങ്ങളില്‍ ജി-ബിന്നുകള്‍.
നഗരത്തിലെ ആറു കുളങ്ങളുടെ നവീകരണം.
നഗരത്തില്‍ വാഴപ്പള്ളി, കുന്നക്കാട്, ആനന്ദാശ്രമം എന്നിവിടങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍.
കൃഷ്ണകുമാരി രാജശേഖരന്
ചെയര്‍പേഴ്സണ്‍, ചങ്ങനാശേരി നഗരസഭ
കോട്ടങ്ങള്‍
യുഡിഎഫ് തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ല.
അവസാന രണ്ടുവര്‍ഷങ്ങളില്‍ വാര്‍ഡ് വികസന ഫണ്ടുകള്‍ 80 ശതമാനവും വിനിയോഗിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതം വാര്‍ഡ് വര്‍ക്കുകളുടെ പ്രാരംഭഘട്ടം പോലുമായില്ല.
ബജറ്റുകളില്‍ പ്രഖ്യാപിച്ച വേഴക്കാട്ടുചിറയിലെ ഗസ്റ്റ് ഹൗസ് സമുച്ചയം തുടങ്ങിയില്ല.
മാലിന്യമുക്ത പദ്ധതി പ്രഖ്യാപനത്തില്‍ മാത്രം. ബയോറമഡിയേഷന്, തുമ്പൂര്‍മൂഴി മാലിന്യസംസ്കരണം പദ്ധതികള്‍ കാര്യക്ഷമമല്ല.
നഗരത്തിലെ മിനിമാസ്റ്റുകളടക്കം വഴിവിളക്കുകള്‍ അണഞ്ഞിട്ട് പത്തുമാസം.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.
വാഹനപാര്‍ക്കിംഗിന് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനായില്ല.
ഓടകളും തോടുകളും മാലിന്യപൂരിതം.
മാര്ക്കറ്റിലേതടക്കം നഗരസഭയുടെ കടമുറികളുടെ അറ്റകുറ്റപ്പണികള്‍ ശ്രദ്ധിച്ചിട്ടില്ല.
നഗരത്തിലെ ഒന്നാംനമ്പര്‍ ബസ്സ്റ്റാന്‍ഡ് വികസനവും പെരുന്ന ബസ് സ്റ്റാന്‍ഡ് പരിപാലനവും നടന്നില്ല.
ജോമി ജോസഫ്
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍,
ചങ്ങനാശേരി നഗരസഭ.