കുടക്കച്ചിറയിൽ ഖനനഭീതി
1600894
Sunday, October 19, 2025 5:52 AM IST
പാലാ: ജില്ലയില്‍ പെരുമഴയുടെ അലര്‍ട്ടും നിരോധനവും വന്നാലും പൊതു അവധി ദിവസമായാലും സമയനിബന്ധന പോലും പാലിക്കാതെ വന്‍തോതില്‍ പാറഖനനം നടക്കുന്നതായി ആരോപണം.
കരൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ കുടക്കച്ചിറ, കലാമുകളം പ്രദേശത്തെ പാറമടകള്‍ക്കെതിരേ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും നിവേദനങ്ങളും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
റോഡ് തകരുന്നു, ടിപ്പർ മറിഞ്ഞു
റോഡ് തകര്‍ത്ത് ടിപ്പറുകളും ടോറസ് ലോറികളും പായുന്നു. പാര്‍ലമെന്റ് അംഗങ്ങളും സ്ഥലം എംഎല്‍എയും അടക്കം നിരന്തരം പ്രതിഷേധസമരം നടത്തിയതിന്റെ പേരില്‍ ഇടക്കാലത്തു മുടങ്ങിക്കിടന്നിരുന്ന പാറഖനനം പുനരാരംഭിച്ചിട്ട് ഒരു മാസമായി.
ഇന്നലെ ഉച്ചകഴിഞ്ഞ് കുടക്കച്ചിറ പാറമട ജംഗ്ഷന് റോഡിന്റെ തിട്ടയിടിച്ച് കരിങ്കല്‍ ലോഡ് സഹിതം ടോറസ് ലോറി ഭഗവതിപടവില് അപ്പച്ചന്റെ റബര്‍ത്തോട്ടത്തിലേക്കു മറിഞ്ഞു. ആളപായം ഉണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടു മാത്രം. സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാർ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പരിസ്ഥിതിലോലം
കരൂര്‍ പഞ്ചായത്തുതന്നെ നാലു വര്‍ഷം മുമ്പു നടത്തിയ പരിസ്ഥിതി പഠന റിപ്പോര്‍ട്ടില്‍ ഒന്ന്, രണ്ട് വാര്‍ഡുകളുടെ മലയോരം പരിസ്ഥിലോലമാണെന്നു കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ആളുകള്‍തന്നെ അതിനു വിരുദ്ധമായി ഖനനാനുമതി നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ചാണ് മുമ്പ് നാട്ടുകാര്‍ സമരം നടത്തിയത്.
22 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള സ്ഥലത്ത് ഖനനം നടത്തിയാല്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ശാസ്ത്രീയ മുന്നറിയിപ്പുണ്ടായിട്ടും അവഗണിച്ചെന്നു നാട്ടുകാർ പറയുന്നു. ഇവിടെ മലകളുടെ ചെരിവ് 40 ഡിഗ്രിയില്‍ കൂടുതലാണ്.