കടനാട്ടിൽ മോഷണം വ്യാപകം; പോലീസ് ഇരുട്ടിൽത്തപ്പുന്നു
1600555
Friday, October 17, 2025 10:54 PM IST
കടനാട്: പ്രദേശത്ത് മോഷണവും മോഷണശ്രമവും വ്യാപകമാകുമ്പോള്‍ നാട്ടുകാരുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ട പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആക്ഷേപം.
ഇന്നലെ കടനാട് പുന്നിലത്തുകാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മോഷണം നടന്നു. വഴിപാട് കൗണ്ടറിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് 2600 രൂപയും വഴിപാട് സ്വര്‍ണവും അപഹരിച്ചു. കൗണ്ടറിനുള്ളിലെ സാധനസാമഗ്രികള്‍ വാരിവലിച്ച് അലങ്കോലമാക്കിയ നിലയിലാണ്. താഴിന്റെ ഓടാമ്പല്‍ നശിപ്പിച്ചാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. മേലുകാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടനാടിന് സമീപപ്രദേശമായ പിഴകിലും കുറുമണ്ണിലും മോഷണം നടന്നിട്ട് അധികദിവസമായില്ല. പിഴക് നിര്‍മല പബ്ലിക് സ്കൂളില്‍ കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. രാത്രി 11.30ഓടെയാണ് മോഷ്ടാവ് ക്ലാസുകളില്‍ കയറിയത്. കുട്ടികള്‍ ടൂര്‍ പോകുന്നതിനായി സമാഹരിച്ച പണമാണ് അപഹരിച്ചത്. സ്കൂളിലെ സിസിടിവി ദൃശ്യത്തില്‍ മോഷണം നടത്തുന്ന ദൃശ്യം പതിഞ്ഞെങ്കിലും പോലീസിന് മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചില്ല.
സമീപപ്രദേശമായ കുറുമണ്ണില് കഴിഞ്ഞ ചെവ്വാഴച രാത്രിയാണ് മോഷണം നടന്നത്. കുറുമണ്ണ് പള്ളിയുടെ ഇടിമിന്നല്‍ രക്ഷാചാലക ചെമ്പുകമ്പിയും ഓടയ്ക്കന്‍ സുബിയുടെ വീടിനു സമീപത്തെ പുകപ്പുരയില്നിന്നു മുന്നൂറു കിലോ റബര്‍ ഷീറ്റും ഒട്ടുപാലും കല്ലറക്കല്‍ ജോസിന്റെ 200 കിലോയിലധികം റബര്‍ ഷീറ്റും ഒട്ടുപാലും മോഷ്ടാക്കള്‍ അപഹരിച്ചു. പല വീടുകളിലും മോഷണശ്രമവും നടന്നിരുന്നു. മേലുകാവ് പോലീസില്‍ പരാതി നൽകിയെങ്കിലും ആവശ്യമായ അന്വേഷണം നടത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.