അവകാശ സംരക്ഷണജാഥ 21ന് പാലായില്‍
1600552
Friday, October 17, 2025 10:54 PM IST
പാലാ: നീതി ഔദാര്യമല്ല, അവകാശമാണ് എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അവകാശ സംരക്ഷണജാഥ 21ന് പാലായിലെത്തും.
ഭരണഘടനയും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സംരക്ഷിക്കുക, ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുകയും അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്യുക, വന്യമൃഗങ്ങളുടെ ആക്രമണവും തെരുവുനായ ശല്യവും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഭൂനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുക, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ നടപടിയെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്ക് ജാഥ ആരംഭിച്ചത്.
വിവിധ രൂപതകളിലൂടെ കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രവേശിക്കുന്ന ജാഥ ചെമ്മലമറ്റത്തുനിന്നു പാലാ രൂപതയില്‍ പ്രവേശിക്കും. രൂപത ഭാരവാഹികള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് അരുവിത്തുറ, രാമപുരം ഫൊറോനകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം 4.30ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എത്തിച്ചേരും. വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ ജാഥയെ സ്വീകരിച്ച് റാലിയോടുകൂടി കുരിശുപള്ളിക്കവലയിലേക്ക് ആനയിക്കും. റാലി മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഫ്ളാഗ് ഓഫ് ചെയ്യും. കുരിശുപള്ളിക്കവലയില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ളാലം പഴയപള്ളിയിലും പുത്തന്‍പള്ളിയിലും പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ രൂപതാധ്യക്ഷന്മാര് പങ്കെടുക്കുന്ന റാലിയോടെ 24ന് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ജാഥ സമാപിക്കും.
പത്രസമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ജോണ്സണ് വീട്ടയാങ്കല്, രജേഷ് പാറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.