മുക്കൂട്ടുതറ: കാർ നിയന്ത്രണംവിട്ട് കലുങ്ക് പാലത്തിന്റെ സമീപത്തുനിന്നു തോട്ടിൽ 20 അടിയോളം താഴ്ചയിൽ തലകീഴായി മറിഞ്ഞ് അപകടം
1600900
Sunday, October 19, 2025 5:53 AM IST
മുക്കൂട്ടുതറ: കാർ നിയന്ത്രണംവിട്ട് കലുങ്ക് പാലത്തിന്റെ സമീപത്തുനിന്നു തോട്ടിൽ 20 അടിയോളം താഴ്ചയിൽ തലകീഴായി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്നയാളെ ചില്ല് പൊട്ടിച്ച് പുറത്തെടുത്തു. സാരമായി പരിക്കേറ്റ ഉമ്മിക്കുപ്പ കണ്ടത്തിൽ ജോമോൻ (48) ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം. ഇടകടത്തിയിൽനിന്ന് അറയാഞ്ഞിലിമണ്ണ് പാലത്തിലേക്കുള്ള റോഡിൽ എരുമേലി പഞ്ചായത്തിന്റെ അതിർത്തി അവസാനിക്കുന്ന ചെറിയ കലുങ്ക് പാലത്തിലാണ് അപകടം.
പമ്പയാറിലേക്ക് ഒഴുകുന്ന കൈത്തോടിന് കുറുകെ വീതി കുറഞ്ഞ ഇടുങ്ങിയ പാലത്തിലേക്ക് കാർ എത്തിയപ്പോൾ നിയന്ത്രണംതെറ്റുകയായിരുന്നു. പാലത്തിലൂടെ എതിരേ വന്ന കാർ കടന്നുപോയ ശേഷം പാലത്തിലേക്ക് എത്തുമ്പോഴാണ് പാലത്തിലേക്ക് കയറാതെ വാഹനം തോട്ടിലേക്ക് പതിച്ചത്. സമീപത്തെ കടയിലുണ്ടായിരുന്നവരാണ് തോട്ടിൽ ഇറങ്ങി കാറിന്റെ ചില്ല് പൊട്ടിച്ച് ജോമോനെ പുറത്തെടുത്തത്. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോമോനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീതി ഇല്ലാത്തത് അപകടകരം
വീതി കുറഞ്ഞ കലുങ്ക് പാലം ഇനിയും അപകടങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക. കഷ്ടിച്ച് ഒരു വാഹനത്തിന് പോകാവുന്ന വീതിയാണ് പാലത്തിനുള്ളത്. വാഹനം കടന്നുപോകുമ്പോൾ കാൽനട യാത്രികർക്ക് പോലും സഞ്ചരിക്കാൻ സ്ഥലമില്ല. കനം കുറഞ്ഞ പൈപ്പുകളാണ് കൈവരിയായി ഉള്ളത്. പമ്പാനദി കരകവിയുമ്പോഴും അറയാഞ്ഞിലിമണ്ണ് കോസ്വേ പാലം മുങ്ങുമ്പോഴും കലുങ്ക് പാലവും അടിയിലുള്ള തോടും വെള്ളത്തിൽ മുങ്ങും.