പെരുമഴ, മലവെള്ളപ്പാച്ചിൽ; പാലങ്ങൾ ഒലിച്ചുപോയി
1600808
Sunday, October 19, 2025 3:54 AM IST
കാഞ്ഞിരപ്പള്ളി: വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ കപ്പാട് പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും കൃഷി നശിക്കുകയും ചെയ്തു. പ്രദേശത്തെ താത്കാലിക പാലമടക്കം മൂന്നു പാലങ്ങൾ ഒലിച്ചുപോയി.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളിലാണ് കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിൽ നാശനഷ്ടമുണ്ടായത്. ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല്, മഞ്ഞപ്പള്ളി, കപ്പാട് എന്നിവിടങ്ങളിൽ റോഡ് ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു.
മൂന്നു വാർഡുകളിലുമായി 25ഓളം വീടുകളിൽ വെള്ളം കയറി. മൂന്നാം വാർഡിലാണ് ഏറ്റവും കൂടുതൽ വീടുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായത്. വലിയകുളത്തിൽ മേരിക്കുട്ടി മാത്യു, പുല്ലാട്ടുപറന്പിൽ രവി, പേഴത്തുംവയലിൽ സണ്ണി, തകിടിയേൽ ബെന്നി, കുളത്തുങ്കൽ പ്രീതി രാജേഷ്, കൊച്ചുപറന്പിൽ മുഹമ്മദ് കുട്ടി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
തോട്ടിലെ കിണർ തടസം
വണ്ടനാമല കൊടിത്തോട്ടിൽ വെള്ളം ഉയർന്നതോടെ മാടത്താനി പ്രദേശത്തെ 10 വീടുകളിൽ വെള്ളം കയറി. ആറ് വീടുകൾക്കു നാശനഷ്ടമുണ്ടാകുകയും വീട്ടുപകരണങ്ങളെല്ലാം നശിക്കുകയും ചെയ്തു. കിണറുകളും ഉപയോഗശൂന്യമായി. തുമ്പമട ഭാഗത്ത് തോട്ടിൽ നിർമിച്ച കിണറും സംരക്ഷണഭിത്തിയുമാണ് മാടത്താനി ഭാഗത്ത് വീടുകളിൽ വെള്ളം കയറാൻ കാരണമായതെന്നു വാർഡംഗം അമ്പിളി ഉണ്ണിക്കൃഷ്ണൻ ആരോപിച്ചു. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന ഇവ പൊളിച്ച് നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വ്യാപക കൃഷിനാശം
നാലാം വാർഡിലും നാലോളം വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് നാശനഷ്ടമുണ്ടായിട്ടുണ്ട്. കപ്പാട് ഗവൺമെന്റ് സ്കൂളിന് മുൻവശത്തുള്ള വീടുകളിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചു. ആനക്കല്ല്, മഞ്ഞപ്പള്ളി പ്രദേശങ്ങളിൽ കടകളിലും വെള്ളം കയറിയിരുന്നു. എറികാട് പാലം തകർന്നതിനൊപ്പം ആനക്കല്ല് മൂഴികാട് തോടിന് കുറുകെയുള്ള രണ്ട് താത്കാലിക പാലങ്ങളും ഒലിച്ചുപോയി. ഇതോടെ തോടിന് മറുകരയുള്ളവർ കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. മലവെള്ളം കുത്തിയൊലിച്ചൊഴുകിയതോടെ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിൽ കപ്പാട്-കുരുവിക്കൂട് റോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കപ്പാട് ഗവൺമെന്റ് പന്നിഫാമിന്റെ വളപ്പിൽനിന്ന മരമാണ് റോഡിലേക്ക് ഒടിഞ്ഞുവീണത്. വാഹനങ്ങളൊന്നും ഈ സമയം ഇതുവഴി കടന്നു പോകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇവിടെ വൈദ്യുതി പോസ്റ്റുകളും തകർന്നിട്ടുണ്ട്.