മനയ്ക്കച്ചിറ-ചങ്ങനാശേരി അഞ്ചുവിളക്ക് റോഡില്‍ പോത്തോട് ഭാഗത്ത് റോഡ് ഉയര്‍ത്തുന്നു
1592345
Wednesday, September 17, 2025 7:28 AM IST
ചങ്ങനാശേരി: എസി റോഡില്‍ മനയ്ക്കച്ചിറയില്‍ ആരംഭിച്ച് ചങ്ങനാശേരി അഞ്ചുവിളക്ക് ജംഗ്ഷനില്‍ സമാപിക്കുന്ന റോഡിന്റെ പോത്തോട് ഭാഗത്ത് റോഡ് ഉയര്‍ത്തുന്ന ജോലികള്‍ക്ക് തുടക്കമായി. ഇരുവശവും പാടത്തെ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഭാഗത്ത് 60 മീറ്റര്‍ നീളത്തിൽ 40 സെന്റിമീറ്റര്‍ മെറ്റലിട്ട് ഉയര്‍ത്തി ഇന്റര്‍ലോക്ക് പാകിയാണ് നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് റോഡ് നവീകരണം നടത്തുന്നത്.
മഴക്കാലത്ത് റോഡിന്റെ ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടായി, ഇരുചക്രവാഹനങ്ങളുള്‍പ്പെടെ വാഹനങ്ങളുടെ ഗതാഗതവും കാല്നടപ്പും ദുഃസഹമാകുന്നതു പതിവാണ്. ഇത്തവണ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലുണ്ടായ മഴയത്ത് നിരവധി ദിവസങ്ങളില്‍ ഇവിടെ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതോടെ പോത്തോട് ഭാഗത്തെ നിരവധി വീടുകളും വെള്ളത്തിലാകുന്നതും സാധാരണമാണ്.
ഈ റോഡിന്റെ ശോച്യാവസ്ഥ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ആന്റണി നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് റോഡ് ഉയര്‍ത്തുന്നതിന് പൊതുമരാമത്തുവകുപ്പ് പണം അനുവദിച്ചത്. ഈയാഴ്ച അവസാനത്തോടെ റോഡില്‍ ഇന്റര്‍ലോക്ക് പാകുന്ന ജോലികള്‍ പൂര്‍ത്തിയാകും.
പണ്ടകശാല പാലം മുതല്‍ പോത്തോട് കലുങ്കു വരെ റോഡ് വികസനത്തിനു പദ്ധതി
ഈ റോഡിലെ പണ്ടകശാല പാലം മുതല്‍ പോത്തോട് കലുങ്കു വരെയുള്ള ഇരുനൂറ് മീറ്റര്‍ വീതി കൂട്ടുന്ന പദ്ധതികളുടെ നടപടികള്‍ പുരോഗമിക്കുകയാണ്. മുന്‍ എംഎല്‍എ സി.എഫ്. തോമസ് ഈ പദ്ധതിക്കായി 2017ല്‍ 1.25 കോടി രൂപ അനുവദിച്ചിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ഇടപെടലിലാണ് പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുന്നത്. ഇത്രയും ഭാഗത്ത് റോഡ് നവീകരണം പൂര്‍ത്തിയായാല്‍ ഈ റോഡിലെ യാത്ര സുഗമമാകും.
റോഡ് ഉയര്‍ത്തുന്നത് വാഹനസഞ്ചാരത്തിന് ഏറെ ഗുണകരമാകും
പോത്തോട് ഭാഗത്ത് 60 മീറ്റര്‍ ഭാഗത്ത് റോഡ് ഉയര്‍ത്തുന്നത് മാര്‍ക്കറ്റിലേക്കുള്ള വാഹന സഞ്ചാരത്തിന് ഏറെ ഉപകരിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി പൊതുമരാമത്തുവകുപ്പില്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തിയാണ് പദ്ധതി പ്രാബല്യത്തിലാക്കിയത്. തിങ്കളാഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും.
സന്തോഷ് ആന്റണി മുണ്ടയ്ക്കല്‍
വാര്‍ഡ് കൗണ്‍സിലര്‍,
ചങ്ങനാശേരി നഗരസഭ പോത്തോട് നിവാസികള്‍ക്ക് വലിയ ആശ്വാസം
ഈ റോഡുണ്ടായിട്ട് 40 വര്‍ഷത്തോളമായി. പാടം നികത്തി നിര്‍മിച്ച റോഡിലെ വെള്ളക്കെട്ട് പോത്തോട് നിവാസികളുടെ ജീവിതത്തിന് ഏറെ ദുരിതമായിരുന്നു. വാഹനത്തിലും കാല്‍നടയായും സഞ്ചരിക്കാനാവാത്ത അവസ്ഥയായിരുന്നു. ഇതിനു പരിഹാരമുണ്ടായത് ആശ്വാസം.
ടി.ടി. മനോജ്
തൈപ്പറമ്പില്‍
പോത്തോട് നിവാസി