പഞ്ചായത്തിന് വാടക നൽകില്ല; സ്വകാര്യ വ്യക്തിക്കു നൽകും
1592304
Wednesday, September 17, 2025 7:04 AM IST
കെഎസ്ഇബിയുടെ വാടക കുടിശിക 40 ലക്ഷം രൂപ; നിയമനടപടിയുമായി പഞ്ചായത്ത്
കൂരോപ്പട: പഞ്ചായത്തിനു വാടകയും വാടക കുടിശികയും നല്കാന് തയാറാകാത്ത കെഎസ്ഇബി കാല് ലക്ഷത്തോളം രൂപ വാടക നല്കി സ്വകാര്യ കെട്ടിടത്തിലേക്കു മാറി. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുതി ഓഫീസാണ് പഞ്ചായത്ത് വാടക ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്കു കാല് ലക്ഷം രൂപ വാടക നല്കി മാറിയത്.
വൈദ്യുതി ബോര്‍ഡ് കൂരോപ്പട പഞ്ചായത്തിനു നല്‍കാനുള്ളത് 40 ലക്ഷം രൂപയുടെ വാടക കുടിശികയാണ്. 2016ല്‍ വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസ് ആരംഭിച്ചപ്പോള്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി രണ്ടു വര്‍ഷത്തേക്കു വാടക രഹിതമായി പഞ്ചായത്തിന്റെ കെട്ടിടം നല്‍കിയിരുന്നു. 2018 ഫെബ്രുവരിയില്‍ വാടക ഇളവ് അവസാനിച്ചു.
2018 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള വാടകയിനത്തില്‍ കെഎസ്ഇബി പഞ്ചായത്തിന് നല്‍കാനുള്ളത് 40 ലക്ഷം രൂപയാണ്. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തില്‍ വന്ന ഉടനെതന്നെ വാടക കുടിശിക നല്കണമെന്നാവശ്യപ്പെട്ടു പല തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, യാതൊരു നടപടികളുമുണ്ടായില്ല.
ധനവകുപ്പ് വാടക വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതിനു പഞ്ചായത്തിനു നോട്ടീസും കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി കെഎസ്ബിയില്നിന്നു വാടക ഈടാക്കാനുള്ള നടപടികൾക്കു പിന്തുണ പ്രഖ്യാപിച്ചു.
വൈദ്യുതി മന്ത്രിയെ നേരില്‍കണ്ട സര്‍വകക്ഷി സംഘം സാമ്പത്തിക വരുമാനത്തില്‍ പിന്നാക്കം നില്ക്കുന്ന പഞ്ചായത്തിനു കെഎസ്ഇബി വാടക കുടിശിക നല്‍കണമെന്ന നിവേദനവും നല്‍കിയിട്ടുണ്ട്. എന്നാൽ, സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത് ജനപ്രതിനിധികളെയോ പൊതുപ്രവര്‍ത്തകരെയോ അറിയിച്ചിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യുവും സെക്രട്ടറി എസ്. സുനിമോളും പറഞ്ഞു. വാടക കുടിശിക ഈടാക്കാനുള്ള നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.