കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സമരപ്രഖ്യാപന കണ്വന്ഷന്
1592311
Wednesday, September 17, 2025 7:04 AM IST
കോട്ടയം: ലോട്ടറിയുടെ ജിഎസ്ടി 40 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നു കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി സംസ്ഥാന സമരപ്രഖ്യാപന കണ്വന്ഷന് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ ലോട്ടറിക്ക് ജിഎസ്ടി 28 ശതമാനമാണ്. അത് 40 ശതമാനമാക്കിയത് കേരള ഭാഗ്യക്കുറിയെ തകര്‍ക്കും. തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കും.
2017-ല്‍ ജിഎസ്ടി ആരംഭിച്ചതു മുതല്‍ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020-ല്‍ അത് 28 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇപ്പോഴത് 40 ശതമാനമാക്കി. ഫലത്തില്‍, 350 ശതമാനത്തിന്റെ വര്‍ധന. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വര്‍ധനയില്ല.
ലോട്ടറിയുടെ ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍നിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10നു കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. പത്രസമ്മേളനത്തില്‍ ടി.എസ്.എന്‍. ഇളയത്, സിജോ പ്ലാത്തോട്ടം, ചന്ദ്രിക ഉണ്ണിക്കൃഷ്ണന്, പി.കെ. ആനന്ദക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.