പുസ്തകമായി മാറിയവരുടെ ജീവിതം ആസ്വാദ്യകഥകളായി
1592315
Wednesday, September 17, 2025 7:04 AM IST
ജിബിന്‍ കുര്യന്
കോട്ടയം: അനുഭവങ്ങളും കഥകളും ജീവിതവും പറഞ്ഞ് മനുഷ്യന് പുസ്തകമായി മാറിയപ്പോള്‍ കേട്ടിരുന്നവര്‍ക്ക് ആസ്വാദ്യതയുള്ള ഒരു കഥയും നോവലും വായിച്ചതിനുമപ്പുറമുള്ള നവ്യമായ വായനാനുഭൂതി.
കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായി കോട്ടയം ഡ്രീം സെറ്റേഴ്സ് ഇവന്റ്സ് ആന്‍ഡ് ട്രെയിനിംഗ്സിന്റെ സഹകരണത്തോടെ ആരംഭിച്ച ‘ഹ്യൂമന്‍ ലൈബ്രറി’ വായനയുടെ പുതിയ ലോകത്തിലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോയി.
ഹ്യൂമന്‍ ലൈബ്രറിയില്‍ വായിക്കുന്നതും അറിയുന്നതും മനുഷ്യരെയാണ്. അനുഭവങ്ങളും അതിജീവനവുമൊക്കെ മറ്റുള്ളവരുടെ മുമ്പില്‍ സത്യസന്ധമായി തുറന്നു പറയാനും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും തയാറായി അഞ്ചു പ്രമുഖ വ്യക്തിത്വങ്ങളാണ് പുസ്തകങ്ങളായി മാറിയത്.
എംജി യൂണിവേഴ്സിറ്റി മുന്‍ എന്‍എസ്എസ് കോ-ഓര്‍ഡിനേറ്ററും സമ്പൂര്‍ണ സാക്ഷരതാ യജ്ഞം കോ-ഓര്‍ഡിനേറ്ററുമായ പ്രഫ. തോമസ് ഏബ്രഹാം, റിട്ടയേഡ് സബ് ഇന്‍സ്പെക്ടറും കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ രേഖ വെള്ളത്തൂവല്‍, റിട്ടയേഡ് ടീച്ചറും സാമൂഹ്യപ്രവര്‍ത്തകയുമായ മേരി ജോണ്‍, അവയവദാന കാമ്പയിന് കോ-ഓര്‍ഡിനേറ്റര്‍ കുര്യന് തൂമ്പുങ്കല്‍, റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി മുരളി പുല്ലംവേലില്‍ എന്നിവര്‍ ഹ്യൂമന്‍ ലൈബ്രറിയില്‍ അറിവനുഭവങ്ങള്‍ പങ്കുവച്ചു.
കാലവും ചരിത്രവും സംസ്കാരവും അനുഭവങ്ങളും ജീവിതത്തിന്റെ ഭ്രമാത്മകമായ നിഗൂഢതകളും വിഹ്വലതകളും ബന്ധങ്ങളുടെ ആര്‍ദ്രതയും തീവ്രതയും ഒക്കെ ഇവര്‍ കേള്‍വിക്കാർക്കായി പങ്കുവച്ചു. അനുഭവങ്ങളും അതിജീവനവും മറ്റുള്ളവരുടെ മുമ്പില്‍ പങ്കുവയ്ക്കുക മാത്രമല്ല, ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും നല്കി.
ഹ്യൂമന്‍ ലൈബ്രറിയില്‍ പങ്കെടുക്കാനെത്തിയവരെ ആദ്യം അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. പുസ്തകങ്ങളായി മാറിയ വ്യക്തികള്‍ ഓരോ ഗ്രൂപ്പിലും 10 മുതല്‍ 15 മിനിറ്റ് വരെ മാറിമാറി സംസാരിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്തു.
ചായസത്കാരത്തോടെയാണ് ഹ്യൂമന്‍ ലൈബ്രറി പൂര്‍ത്തിയായത്. നിസാരമായ തോല്‍വികളില്‍, തിരിച്ചടികളില്‍, ഏകാന്തതകളില്‍ ആകുലമാവുന്ന മനസുകള്‍ക്ക് നല്ലൊരു തെറാപ്പികൂടിയാണ് മനുഷ്യ പുസ്തകങ്ങളെന്ന് ആമുഖസന്ദേശം നല്കി ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ ചൂണ്ടിക്കാട്ടി.
മനുഷ്യരെ കൂടുതല്‍ കരുതാനും മനസിലാക്കാനും നല്ല മനുഷ്യസ്നേഹിയാകാനും ഹ്യൂമന്‍ ലൈബ്രറിയിലൂടെ സാധിക്കുമെന്ന് കോട്ടയം ഡ്രീം സെറ്റേഴ്സ് ഇവന്റ്സ് ആന്‍ഡ് ട്രെയിനിംഗ്സിന്റെ സിഇഒയും ഹ്യൂമന്‍ ലൈബ്രറിയുടെ മുഖ്യ സംഘാടകനുമായ എ.പി. തോമസ് പറഞ്ഞു.
ഹ്യൂമന്‍ ലൈബ്രറിയുടെ രണ്ടാം ഘട്ടം വിപുലമായ രീതിയില്‍ അടുത്ത മാസം നടത്തും. രണ്ടാം ഘട്ടത്തില്‍ അനുഭവും അതിജീവനവും പങ്കുവയ്ക്കുവാന്‍ തയാറുള്ളവര്‍ക്ക് 944711 4328 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.