ഡോക്ടർ വരും പോകും; നാട്ടുകാർ അറിയുന്നില്ല
1592269
Wednesday, September 17, 2025 6:38 AM IST
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ ഇടയ്ക്കിടെ സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നുണ്ടെങ്കിലും ആശുപത്രിയിലെ ക്രമീകരണങ്ങളിലെ പാളിച്ച മൂലം അതിന്റെ പ്രയോജനം രോഗികൾക്കു കിട്ടുന്നില്ലെന്നു പരാതി. പലപ്പോഴും സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തുന്നത് രോഗികൾ അറിയുന്നില്ല.
ഗൈനക്കോളജി ഡോക്ടറുടെ സേവനം എരുമേലി സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ദിവസം ഉണ്ടെന്ന വിവരം നാട്ടിലാരും അറിഞ്ഞില്ല.
ഡ്യൂട്ടിയിൽ എത്തിയ സ്പെഷൽ ഡോക്ടർക്കു മുമ്പിൽ ഒപിയിൽ എത്തിയ പനി ബാധിച്ചവർ ഉൾപ്പെടെയുള്ള രോഗികളെ വരെ പറഞ്ഞുവിടുകയാണത്രേ ജീവനക്കാർ. ആശുപത്രിയിൽ സ്പെഷാലിറ്റി സേവനത്തിന് എത്തുന്ന ഡോക്ടർമാർക്കു മുന്നിൽ പലപ്പോഴും മറ്റു രോഗങ്ങളുമായി വരുന്നവരാണ് എത്തുന്നത്. ഇവിടെ വരുന്ന സ്പെഷലിസ്റ്റ് ഡോക്ടർമാരും ഇക്കാര്യത്തിൽ പലവട്ടം പരാതി പറഞ്ഞു. തങ്ങളുടെ സേവനം സംബന്ധിച്ചു പൊതുജനങ്ങളെ അറിയിക്കുന്നില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
എല്ലാം ആശമാർക്ക്
ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ സകല ജോലിയും ആശാ വർക്കർമാരെ ഏൽപ്പിച്ച മട്ടിലാണ് കാര്യങ്ങളെന്നാണ് ആക്ഷേപം. ആശാ വർക്കർമാരും അങ്കണവാടി ടീച്ചർമാരും നൽകുന്ന വിവരങ്ങൾ രേഖയാക്കി ഒരു വിഭാഗം ഉദ്യോഗസ്ഥർ ജോലി തീർക്കുകയാണെന്ന് ആശാ വർക്കർമാരും അങ്കണവാടി ടീച്ചർമാരും ആരോപിക്കുന്നു.
കിണർവെള്ളം മലിനം
എരുമേലി ടൗണിലും പരിസരങ്ങളിലും കിണർവെള്ളം മലിനമാണെന്ന പരാതിയും ശക്തമാണ്. കൃത്യമായി ഇവ ശുചീകരിക്കാൻ സാധിക്കുമെന്നും എന്നാൽ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ വേണ്ടത്ര വരാത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലെന്നും ആശാ പ്രവർത്തകരും അങ്കണവാടി ജീവനക്കാരും പറയുന്നു. ഒട്ടേറെ പേർ കിണറുകളുടെ ശുചീകരണം സംബന്ധിച്ച സംശയങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.