അരുണാപുരത്ത് നഗരസഭയുടെ മിനി ആശുപത്രി
1592271
Wednesday, September 17, 2025 6:38 AM IST
പാലാ: നഗരസഭയുടെ ചുമതലയില്‍ രണ്ടാമത് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്റര്‍ പാലാ കെ.എം. മാണി ബൈപാസില്‍ അരുണാപുരത്ത് തുറന്നു. ഈ മേഖലയിലുള്ളവര്‍ക്ക് ഇനി ഡോക്ടറെ കാണാന്‍ നഗരത്തിരക്കിലേക്കും ആശുപത്രി ക്യൂവിലേക്കും പോകേണ്ടതില്ല.
സ്ഥിരം ഡോക്ടറുടെയും നഴ്സിന്റെയും സേവനവും ഫാര്‍മസി സൗകര്യവും ഇവിടെയുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സഹകരണത്തോടെ നഗരസഭയില്‍ അനുവദിച്ച രണ്ടാമത് ഹെല്‍ത്ത് സെന്ററാണ് അരുണാപുരത്ത് ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചത്. പ്രഥമ ഹെല്‍ത്ത് സെന്റര്‍ നേരത്തേ മുണ്ടുപാലം പരമലക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സാച്ചെലവുകള്‍ ഇല്ലാതെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനറല്‍ ആശുപത്രിയിലെ മെഡിസിന് വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സഹചര്യം ഇല്ലാതാക്കാനും ഹെല്‍ത്ത് സെന്റര്‍ സേവനം പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കും.
മൈനര്‍ ഡ്രസിംഗ്, രോഗീ നിരീക്ഷണം, ജീവിതശൈലീ രോഗനിര്‍ണയം, റഫറല്‍ സംവിധാനം, ബോധവത്കരണ ക്ലാസുകള്‍, ഗര്‍ഭിണികള്‍ക്കായുള്ള പരിശോധനകള്‍, കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ് സേവനങ്ങള്‍ എന്നിവ ഇവിടെനിന്നു ലഭ്യമാണ്.
ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജോസ് കെ. മാണി എംപി നിർവഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ സാവിയോ കാവുകാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, സ്വാമി വീതസംഗാനന്ദ, ആന്റോ പടിഞ്ഞാറെക്കര, ജോസിന് ബിനോ, ഷാജു തുരുത്തേല്‍, ജോസ് ജെ. ചീരാംകുഴി, സിജി പ്രസാദ്, നീന ചെറുവള്ളി, മായാ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.