പരിസ്ഥിതി സൗഹൃദ ദിനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം : സിഎംഎസിൽ പ്രകൃതിസൗഹൃദ ആരാധന
1592317
Wednesday, September 17, 2025 7:04 AM IST
കോട്ടയം: പരിസ്ഥിതി സൗഹൃദ ദിനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം സിഎംഎസ് കോളജ് പ്രകൃതി സൗഹൃദ ആരാധന സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ എട്ടിനു കോളജ് മൈതാനത്താണ് പരിപാടി. സിഎസ്ഐ മധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെയാണ് വേറിട്ട ആരാധന ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയുടെ സംരക്ഷകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഓര്‍മത്തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലുവരെയാണ് ആചരണം. ഈ ദിനങ്ങളില്‍ പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം എന്നിവയ്ക്കു പ്രാധാന്യം നല്കുന്നു.
ആരാധനയ്ക്ക് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് തിരി തെളിച്ചു തുടക്കംകുറിക്കും. പ്രകൃതിയുമായി ചേര്‍ന്നു നില്ക്കുന്ന ഈ ആരാധനയില്‍, ബിഷപ്പും വൈദികരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ കോളജ് പുല്‍ത്തകിടിയില്‍ ഇരുന്നായിരിക്കും പങ്കെടുക്കുന്നത്.
പ്രകൃതി സൗഹൃദ ഗാനങ്ങള്‍, ഭജന്‍, പ്രാര്‍ഥനകള്‍, വേദവായന എന്നിവയും ആരാധനയുടെ ഭാഗമായി നടക്കും. തുടര്‍ന്ന് റവ. ഡോ. വിജി വര്‍ഗീസ് ഈപ്പന് ദൂത് നല്‍കും. ആരാധനയ്ക്കുശേഷം പ്രകൃതി സംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ബിഷപ് കോളജ് കാമ്പസില്‍ വൃക്ഷത്തൈ നടും.
പരിപാടിക്ക് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു ശോശന്‍ ജോര്‍ജ്, മഹായിടവക പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ഡോ. മാത്യു കോശി പുന്നയ്ക്കാട്, കോളജ് ബര്‍സാര്‍ റവ. ഡോ. ഷിജു സാമുവല്‍, ചാപ്ലയിന്‍ റവ. ടിബു ഉമ്മന്‍ ജോര്‍ജ്, പരിസ്ഥിതി വകുപ്പ് കണ്‍വീനര്‍ റവ. അനില്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.