റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡ് അപകടഭീഷണി
1592268
Wednesday, September 17, 2025 6:38 AM IST
മുണ്ടക്കയം: റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡ് അപകടഭീഷണി ഉയർത്തുന്നു. മുണ്ടക്കയം-എരുമേലി സംസ്ഥാന പാതിയിൽ വരിക്കാനി കവലയ്ക്കും കരിനിലത്തിനുമിടയിൽ പഴയ എസ്എൻ സ്കൂളിന് സമീപം റോഡിനോട് ചേർന്നുനിൽക്കുന്ന ദിശാബോർഡാണ് അപകടഭീഷണിയിലുള്ളത്. മുന്പ് ഇവിടെ സ്കൂൾ പ്രവർത്തിച്ചിരുന്ന സമയത്ത് വാഹനങ്ങളുടെ വേഗം കുറയ്ക്കാനായി സ്കൂളും സീബ്ര ലൈനുമുണ്ടെന്ന് കാണിച്ചിരുന്ന ദിശാബോർഡാണ് അപകടഭീഷണി ഉയർത്തുന്നത്.
സാധാരണയായി റോഡിൽനിന്നു മൂന്ന് അടിയോളം അകലം പാലിച്ചാണ് ദിശാബോർഡുകൾ സ്ഥാപിക്കുന്നത്. എന്നാൽ, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡ് റോഡിലെ ടാറിംഗിനോട് ചേർന്നുനിൽക്കുന്നതിനാൽ വാഹനം ഇടിക്കാനുള്ള സാധ്യത ഏറെയാണ്.
ഒരേസമയം ഇരുദിശകളിൽനിന്ന് ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ വശം ചേർത്ത് വാഹനം എടുക്കുകയും ഇത് ദിശാബോർഡിൽ ഇടിക്കാൻ ഇടയാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ റോഡിനോട് ചേർന്നുനിൽക്കുന്ന ദിശാബോർഡ് അടുത്തു വരുമ്പോൾ മാത്രമാണ് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ വാഹനം വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡ് മാറ്റിസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.