കെഇ ട്രോഫി നാഷണൽ വോളിബോൾ ടൂർണമെന്റ്: നടുവണ്ണൂർ, ഭാരതിയാർ സ്കൂളുകൾ ജേതാക്കൾ
1592305
Wednesday, September 17, 2025 7:04 AM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിച്ച നാഷണൽ ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നടുവണ്ണൂർ എച്ച്എസ്എസ് കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ സേലം ഭാരതിയാർ മെട്രിക് എച്ച്എസ്എസും ജേതാക്കൾ.
ബാസ്കറ്റ്ബോൾ ടൂർണമെന്റ് അണ്ടർ 16 വിഭാഗത്തിൽ കോട്ടയം ഗിരിദീപം സ്കൂളും അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ വേലമ്മാൾ ഇന്റർനാഷണൽ സ്കൂൾ പൊന്നേരിയും അണ്ടർ 19 പെൺകുട്ടികളുടെ കാറ്റഗറിയിൽ കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസും ജേതാക്കളായി.
മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ രാജ്യാന്തര വോളിബോൾ താരവും ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനുമായ അബ്ദുൾ റസാഖ് വിശിഷ്ടാതിഥിയായിരുന്നു. വിജയികൾക്ക് കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു.
കെഇ റസിഡന്റ്സ് പ്രിഫെക്ട് ഫാ. ഷൈജു സേവ്യർ സിഎംഐ, സ്കൂൾ ബർസാർ ഫാ. ബിബിൻ തോമസ് സിഎംഐ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ അന്നമ്മ മാണി, പിടിഎ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് ഇന്ദു പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.