മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ ചെറുത്തുനില്‍പ്പ് സര്‍ക്കാരിനെ വിറപ്പിച്ച പോരാട്ടം
1533291
Sunday, March 16, 2025 2:36 AM IST
ചങ്ങനാശേരി: 2022 മാര്‍ച്ച് 17. മാടപ്പള്ളി വെങ്കോട്ടയ്ക്കടുത്ത് റീത്തുപള്ളി ജംഗ്ഷനില്‍ നടന്ന സില്‍വര്‍ ലൈന്‍ ചെറുത്തുനില്പ് സര്‍ക്കാരിനെ വിറപ്പിച്ച സമരമുറയായിരുന്നു.
സില്‍വര്‍ ലൈന്‍ സര്‍വേക്കായി മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാനെത്തിയ കെ-റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ അന്ന് സമരക്കാര്‍ക്ക് ഏല്‍ക്കേണ്ടിവന്നത് പോലീസിന്റെ അതിക്രൂര മര്‍ദനമായിരുന്നു. മുടിക്കുത്തില്പ്പിടിച്ചും ടാറിട്ട റോഡിലൂടെ ചവിട്ടിവലിച്ചും സ്ത്രീകളടക്കം പ്രതിഷേധക്കാരെ നേരിട്ട പോലീസിന്റെ നടപടി അതിഭീകരമായിരുന്നു. മാധ്യമങ്ങള്‍ തത്സമയം വാര്‍ത്തകള്‍ പുറത്തുവിട്ടതോടെ വിഷയം കേരളത്തിനകത്തും പുറത്തും ആളിക്കത്തിയ ചര്‍ച്ചയായി. കേരളനിയമസഭവരെ സ്തംഭിച്ചു.
അതിനുശേഷം ഒരു മഞ്ഞക്കുറ്റിപോലും നാട്ടാനാവാത്തവിധം മാടപ്പള്ളി സമരം സില്‍വര്‍ലൈനിനെതിരേ ഉയര്ത്തവിട്ട പ്രതിഷേധക്കൊടുങ്കാറ്റായി മാറി. മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പോലീസിന്റെ മര്‍ദനത്തിന് ഇരയായ നിരവധിപ്പേര്‍ക്ക് അതിന്റെ മാനസിക സമ്മര്‍ദത്തില്‍നിന്നും ശാരീരിക അസ്വസ്ഥതകളില്നിന്നും മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. പരിക്കേറ്റ പലരും ഇന്നും ആശുപത്രികള്‍ കയറിയിറങ്ങുകയാണ്.
അന്നത്തെ പ്രക്ഷോഭത്തിന്റെ പേരില്‍ പോലീസ് കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ നിരവധിപ്പേര്‍ കോടതികളിലും കയറിയിറങ്ങുകയാണ്. നിര്‍ദിഷ്ട പദ്ധതി പ്രഖ്യാപിച്ച സ്ഥല പരിധിയില്‍പ്പെട്ട ഭൂമിക്ക് ബാങ്കുകള്‍ വായ്പകള്‍ നിഷേധിച്ചിരിക്കുന്നതും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ തിരിച്ചടിയായി അവശേഷിക്കുന്നു.
ഇത്രയേറെ പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉണ്ടായിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും സില്‍വര്‍ ലൈന്‍ നടപ്പാക്കാൻ പല വഴികൾ തേടുകയാണ്.
ബെന്നി ചിറയില്‍