കാഞ്ഞിരപ്പള്ളി ബൈപാസിന്റെ ബ്ലോക്ക് നീക്കാൻ പുതിയ സർജറി!
1600534
Friday, October 17, 2025 10:13 PM IST
കാഞ്ഞിരപ്പള്ളി: കുറെക്കാലമായി ബ്ലോക്കായി നിൽക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിർമാണം മുന്നോട്ടു കൊണ്ടുപോകാൻ അടിയന്തര ശസ്ത്രക്രിയ. ആദ്യം കരാർ ഏറ്റെടുത്ത കന്പനിയെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിച്ചുകൊണ്ടാണ് നീക്കങ്ങൾ ത്വരിതപ്പെടുത്തിയത്. മെല്ലെപ്പോക്കിനെത്തുടർന്നാണ് ആദ്യ കന്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
ബൈപാസിനു റീടെൻഡര്‍ ക്ഷണിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനിയെ കിഫ്ബി കരാറില്‍നിന്ന് ഒഴിവാക്കി ഉത്തരവായിരുന്നു. തുടര്‍ന്ന് കിഫ്ബിയുടെ പ്രത്യേക ടെക്നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റി വിളിച്ചുകൂട്ടി അടിയന്തര പ്രാധാന്യത്തോടെ സാങ്കേതിക അനുമതി ലഭ്യമാക്കാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ റീ ടെൻഡര്‍ ആയതുമെന്ന് ചീഫ് വിപ്പ് പറഞ്ഞു.
78.69 കോടി
78.69 കോടി രൂപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയില്‍നിന്നു ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപ സ്ഥലമേറ്റെടുക്കലിനു ചെലവായി. റോഡ് രൂപീകരിക്കാനും ഫ്ലൈഓവര്‍ നിര്‍മാണത്തിനുമായി ആകെ കണക്കാക്കിയ തുക 26.17 കോടി രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഡിസംബര്‍ ഒന്നിന് ടെൻഡര്‍ തുറക്കും. എത്രയും വേഗം പദ്ധതി യാഥാർഥ്യമാകാന്‍ എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.
1.80 കിലോമീറ്റർ
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോമീറ്ററാണ്. ചിറ്റാര്‍ പുഴയ്ക്കും മണിമല റോഡിനും കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ ദേശീയപാതയ്ക്കു സമീപമുള്ള ആദ്യത്തെ തൂണിന്റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചിരുന്നു. നാലു പില്ലറുകളിലായാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കേയാണ് കരാറുകാരനെ ഒഴിവാക്കിയത്.
ദ്രുതഗതിയിൽ
നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും താഴ്ന്ന ഭാഗങ്ങളില്‍ മണ്ണിട്ടു നികത്തിയും റോഡ് വെട്ടിയിരുന്നു. ദേശീയപാതയിൽനിന്നു ബൈപാസിലേക്കു തിരിയുന്ന പഞ്ചായത്ത് ഓഫീസിനു മുന്പിൽ റൗണ്ടാന നിർമിക്കാനായി മണ്ണും മാറ്റിയിരുന്നു. ഇവിടെനിന്നാണ് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും മീതയുള്ള മേൽപ്പാലം നിർമിക്കുന്നത്.
ബൈപാസ് അവസാനിക്കുന്ന ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ടാറിംഗ് ജോലികളുടെ ഭാഗമായി മെറ്റൽ നിരത്തുന്ന പ്രവർത്തനങ്ങളും തുടങ്ങിയിരുന്നു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണു പദ്ധതിയുടെ നിര്‍മാണച്ചുമതല.