വാഴപ്പള്ളിയിൽ വാശിയേറും പോരാട്ടം
1600463
Friday, October 17, 2025 7:11 AM IST
ചങ്ങനാശേരി നഗരസഭയോടു ചേര്‍ന്നു ചുറ്റിപ്പടര്ന്നുകിടക്കുന്ന പഞ്ചായത്ത്. വാഴപ്പള്ളി പടിഞ്ഞാറ്, വാഴപ്പള്ളി കിഴക്കു വില്ലേജുകള്‍ ചേര്‍ന്നതാണ്. വാഴപ്പള്ളി ശാസനം കണ്ടുകിട്ടിയത് വാഴപ്പള്ളി മഹാദേവര്‍ ക്ഷേത്രത്തില്‍നിന്നുമാണ്.
പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് ചെത്തിപ്പുഴയിലാണെങ്കിലും തെങ്ങണയ്ക്കടുത്ത് കണ്ണവട്ട തോടിനു സമീപം ആരംഭിച്ച് ചീരഞ്ചിറ, ഇടത്തറക്കടവ്, പുതുച്ചിറ, ഏനാചിറ, വടക്കേക്കര, തുരുത്തിയിലെത്തി അപ്പര്‍ കുട്ടനാടന്‍ അതിര്‍ത്തികളായ നീലംപേരൂര്‍, മുളയ്ക്കാംതുരുത്തി പ്രദേശങ്ങളും പറാലും വെട്ടിത്തുരുത്തും ഉള്‍പ്പെടുന്ന കരപ്രദേശവും താലൂക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള പുഞ്ചപ്പാടങ്ങളും നിറഞ്ഞ പ്രദേശം.
ഒറ്റനോട്ടത്തിൽ
ആകെ ജനസംഖ്യ 41216. പുരുഷന്-19463. സ്ത്രീ-21753. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഈ പഞ്ചായത്ത് പരിധിയിലാണ്. 21 വാര്‍ഡുകളായിരുന്ന വാഴപ്പള്ളി പുനര്‍ വിഭജനത്തിലൂടെ 22 വാര്‍ഡുകളായി വളര്‍ന്നു. കഴിഞ്ഞ കാല് നൂറ്റാണ്ടായി പഞ്ചായത്ത് യുഡിഎഫ് ഭരണത്തിൽ.
കക്ഷിനില
കോണ്‍ഗ്രസ്-എട്ട്,
കേരള കോണ്‍ഗ്രസ്-അഞ്ച്,
സിപിഎം-നാല്
കേരള കോണ്‍. എം-രണ്ട്
എല്‍ഡിഎഫ് സ്വതന്ത്രര്‍-രണ്ട്
നേട്ടങ്ങള്‍
140 ലൈഫ് വീടുകള്‍ പൂര്‍ത്തിയാക്കി.
21 വാര്‍ഡുകളിലും റോഡുകള്‍ നവീകരിച്ചു.
ജല്‍ജീവന്‍ മിഷന് 13.50 കോടി.
പുതുച്ചിറ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യകേന്ദ്രമാക്കി.
ആയുര്‍വേദാശുപത്രി മികച്ച നിലവാരത്തിൽ.
മൂന്ന് അങ്കണവാടി കെട്ടിടത്തിനു സ്വന്തമായി സ്ഥലം.രണ്ടാം വാര്‍ഡ് തുരുത്തിയില്‍ അങ്കണവാടി കെട്ടിടം.
പത്താം വാര്‍ഡില്‍ അങ്കണവാടി കെട്ടിടം പൂര്‍ത്തിയാകുന്നു.
ഹരിതകര്‍മസേനയ്ക്ക് ചീരഞ്ചിറയില്‍ 28 സെന്റ് സ്ഥലം വാങ്ങി. 1.50 കോടി മുടക്കി കെട്ടിടവും അനുബന്ധസംവിധാനങ്ങളും സജ്ജമാക്കി.
ചീരഞ്ചിറയില്‍ 13 ലക്ഷം മുടക്കി സങ്കേതം ഓഡിറ്റോറിയം.
പറാലില്‍ കുടുംബാരോഗ്യകേന്ദ്രം സബ്സെന്ററിന് അനുമതി.
മിനി വിജയകുമാര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കോട്ടങ്ങള്‍
പഞ്ചായത്ത് ഫണ്ട് വീതം വയ്ക്കുന്നതില്‍ നീതി പുലര്‍ത്തിയില്ല.
രണ്ടായിരത്തിലധികം വീടുകള്‍ പഞ്ചായത്തു രേഖകളില്‍നിന്ന് ഇല്ലാതായിട്ട് പരിഹരിച്ചില്ല.
ജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം.
എല്ലാ മേഖലകളിലും കുടിവെള്ളം എത്തിക്കുന്നതില്‍ പരാജയം.
സംസ്ഥാന സര്‍ക്കാര്‍, എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ച് പിഎച്ച്സിയെ എഫ്എച്ച്സിയാക്കിയതു മാത്രം വികസനം.
പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകള്‍ക്ക് അവഗണന.
അങ്കണവാടികളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ല.
അനിതാ സാബു
(എല്‍ഡിഎഫ് പാര്‍ലന്ററി
പാര്‍ട്ടി ലീഡര്‍)