വിതരണരംഗത്തെ മാറ്റങ്ങൾ മുൻകൂട്ടി അറിയിക്കണം: പാചകവാതക അദാലത്ത്
1532920
Friday, March 14, 2025 7:08 AM IST
കോട്ടയം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി. കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
അറിയിപ്പില്ലാതെ എൽപിജി കണക്ഷൻ നിലവിലുള്ള ഏജൻസിയിൽനിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു.
ഒടിപി മുഖാന്തരം ഗ്യാസ് സിലിണ്ടർ വിതരണം നടത്തുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവും ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അവതരിപ്പിച്ചു. എൽപിജി മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പത്ര-ദൃശ്യമാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിച്ചശേഷമേ നടപ്പാക്കാവൂ എന്ന് യോഗം ഓയിൽ കമ്പനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.