ശബരിമലയിൽ റോപ് വേ നിർമ്മാണം ഉത്രം നാളിൽ തുടങ്ങും: മന്ത്രി വാസവൻ
1508383
Saturday, January 25, 2025 6:51 AM IST
വൈക്കം: ശബരിമലയിൽ റോപ് വേ നിർമാണത്തിന് വരുന്ന ഉത്രം നാളിൽ തുടക്കമിടുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ.വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ട് കോടിയർച്ചന എന്നിവയുടെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രായമായവരെയും മറ്റ് ശാരീരിക അവശതകൾ നേരിടുന്നവരെയും മഞ്ചലിൽ ചുമന്നാണ് ഇപ്പോൾ സന്നിധാനത്തെത്തിക്കുന്നത്. അത് ചുമക്കുന്നവരിൽ വൃദ്ധരായവർ വരെയുണ്ട്.
ആധുനിക കാലത്ത് ഇത് വിഷമകരമായ ഒരു കാഴ്ചയാണ്. ഇതിന് പരിഹാരമായാണ് 17 വർഷം മുൻപ് ഉയർന്നു വന്ന റോപ് വേ എന്ന ആശയം യാഥാർഥ്യമാക്കാൻ സർക്കാർ തീരുമാനിച്ചത്. 2.7 കി.മീ ദൂരം വരുന്ന റോപ് വേ നിലവിൽ വരുന്നതോടെ സന്നിധാനത്തേക്ക് നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ടറുകൾ ഒഴിവാക്കാനാവും.
ഇത് ശബരിമലയിലെ അന്തരീക്ഷ മലിനീകരണം വലിയ തോതിൽ ഇല്ലാതാക്കും.ഈ തീർഥാടന കാലത്ത് 54 ലക്ഷത്തോളം ഭക്തജനങ്ങളാണ് ശബരിമലയിൽ ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ ആറരലക്ഷം കുടുതൽ. ഈ വർഷത്തെ നടവരവ് മാത്രം 8.5 കോടി രൂപ അധികമാണ്. ഈ മണ്ഡല മകരവിളക്ക് കാലത്തെത്തിയ മുഴുവൻ തീർഥാടകർക്കും ഒരു പരാതിക്കും ഇട നൽകാതെ ദർശനം സാദ്ധ്യമാക്കാനായി എന്നത് വലിയ നേട്ടമാണ്. ശബരിമലക്കായി 778 കോടിയുടേയും പമ്പ,നിലക്കൻ 285 കോടിയുടെയും മാസ്റ്റർ പ്ലാൻ കാബിനറ്റ് അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
മഹാദേവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കോടിയർച്ചന വടക്കുപുറത്തുപാട്ട് കമ്മറ്റി പ്രസിഡന്റ് അഡ്വ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ കെ.ആർ. ശ്രീലത, അസിസ്റ്റന്റ് കമ്മീഷണർ എം.ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഈശ്വരൻ നമ്പൂതിരി, കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മറ്റി ജനറൽ സെക്രട്ടറി പി. സുനിൽകുമാർ,
വൈസ് പ്രസിഡന്റ് പി. വി. നാരായണൻ നായർ, അഡ്വ. കമ്മീഷണർ പി. രാജീവ്, വൈസ് പ്രസിഡന്റുമാരായ കെ.ആർ.രാജേഷ്, ദിവാകരൻ മട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.