ദളിത് ആദിവാസി സംഘടനകളുടെ നാഷണല്‍ കോണ്‍ക്ലേവ് ഡല്‍ഹിയില്‍
1461053
Monday, October 14, 2024 11:38 PM IST
കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ സംവരണത്തില്‍ ഉപവര്‍ഗീകരണവും ഉപസംവരണവും നടപ്പാക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ദളിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി 24, 25 തീയതികളില്‍ ഡല്‍ഹിയില്‍ നാഷണല്‍ കോണ്‍ക്ലേവ് നടത്തും.
പട്ടികജാതി - പട്ടികവര്‍ഗ ലിസ്റ്റിനെ ഉപവിഭാഗങ്ങളായി തിരിക്കാനും ക്രീമിലെയര്‍ നിര്‍ണയിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കി ഓഗസ്റ്റ് ഒന്നിനു പുറപ്പെടുവിച്ച സുപ്രീം കോടതി വിധി ഭരണഘടനാ ലംഘനമാണെന്ന് സംഘടനകളുടെ കൂട്ടായ്മ ചെയര്മാന് അശോക് ഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയുടെ 341, 342 തുടങ്ങിയ വകുപ്പുകളനുസരിച്ച് എസ്സി/എസ്ടി ലിസ്റ്റില്‍ പുതിയ വിഭാഗങ്ങളെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും മാറ്റം വരുത്താനുമുള്ള അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാണ്. ലിസ്റ്റ് ദുര്‍ബലപ്പെടുത്താതിരിക്കാനുള്ള ദൂരക്കാഴ്ചയോടുകൂടിയാണ് അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കിയത്.
ഈ അധികാരമാണു കോടതിവിധി റദ്ദാക്കിയിരിക്കുന്നത്. കോടതിവിധി മറികടക്കാന്‍ ഭരണഘടനാഭേദഗതി കൊണ്ടുവരിക, എസ്സി, എസ്ടി വിഭാഗങ്ങളുടെ സംവരണം സംരക്ഷിക്കാനും വിപുലീകരിക്കാനും പാര്‍ലമെന്റ് നിയമം പാസാക്കുക, നിയമത്തില്‍ എസ്സി/എസ്ടി വിഭാഗങ്ങളിലെ അതിദുര്‍ബല വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉള്‍ക്കൊള്ളാനുള്ള വ്യവസ്ഥകളുണ്ടാക്കുക, സ്വകാര്യമേഖലയില്‍ സംവരണത്തിനും മൂലധന നിക്ഷേപത്തിനുമുള്ള നിയമനിര്‍മാണം നടത്തുക, ജാതി സെന്‍സസ് നടത്തുക എന്നിവ നടപ്പാക്കണമെന്ന് ഭാരവാഹികളായ കെ. അംബുജാക്ഷന്, എം. ഗീതാനന്ദന്, പ്രഭാകര്‍ രാജേന്ദ്രന്, അരുണ്‍ ഖോട്ട്, സി.ജെ. തങ്കച്ചന്, ഡി.ആര്. വിനോദ്, പി.എം. വിനോദ്, ആര്. എബി എന്നിവര്‍ ആവശ്യപ്പെട്ടു.