പൊൻകുന്നം-വിഴിക്കിത്തോട്-എരുമേലി ശബരിമല തീർഥാടനപാത നവീകരിക്കണം
1460454
Friday, October 11, 2024 5:18 AM IST
കാഞ്ഞിരപ്പള്ളി: മണ്ഡലകാലത്തിനു മുന്പായി ശബരിമല തീർഥാടനപാതയായ പൊൻകുന്നം-മണ്ണംപ്ലാവ്-വിഴിക്കിത്തോട്-കുറുവാമൂഴി-എരുമേലി റോഡ് നവീകരിച്ച് അപകട സാധ്യതകൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി. മണ്ഡല-മകരവിളക്ക് കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
12 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളിലും ഇരുവശവും മുൾച്ചെടികളും കാടും വളർന്നുപന്തലിച്ചു നിൽക്കുന്ന സ്ഥിതിയാണ്. എട്ടു മീറ്ററിൽ താഴെ മാത്രം വീതിയുള്ള റോഡിൽ കാൽനടയാത്ര ദുരിതമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സുരക്ഷിതമായി വശത്തേക്കു മാറിനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മുന്നറിയിപ്പ് ബോർഡില്ല
റോഡിന്റെ പൊൻകുന്നം മുതൽ മണ്ണംപ്ലാവ് വരെയുള്ള അഞ്ചു കിലോമീറ്ററോളം ഭാഗം അപകട സാധ്യതയുള്ള മേഖലയാണ്. വളവുകളും കയറ്റിറക്കങ്ങളുമുള്ള ഇവിടെ ആവശ്യത്തിനു മുന്നറിയിപ്പു സംവിധാനങ്ങളും ഇല്ല. കെവിഎംഎസ് ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡിൽ ഒരു കിലോമീറ്റർ കഴിയുമ്പോൾ ടാറിംഗിനോടു ചേർന്നു കെഎസ്ഇബി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നതിനടുത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളും സൂചനാ ബോർഡുകളുമില്ല. പലയിടങ്ങളിലും രാത്രി വെളിച്ചവുമില്ല. പൊന്നയ്ക്കൽകുന്ന്, ഗ്രാമദീപം ജംഗ്ഷനുകളിലെ നാൽക്കവലയിലും മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളുമില്ല.
കൊടുംവളവ്
ഗ്രാമദീപം ജംഗ്ഷൻ മുതൽ എൻഎസ്എസ് കരയോഗം വരെയുള്ള 500 മീറ്റർ ദൂരം കൊടുംവളവുകളും കുത്തനെയുള്ള ഇറക്കവുമാണ്. ഈ ഭാഗത്ത് ടാറിംഗിനോടു ചേർന്ന് ഓടയുള്ളത് അപകടസാധ്യത വർധിപ്പിക്കുന്നു. മണക്കാട് ശ്രീഭദ്രാ ക്ഷേത്രത്തിനു മുൻവശത്തെ കണയത്തോട് പാലം അപകടാവസ്ഥയിലാണെന്നും പാലത്തിന്റെ അബട്ട്മെന്റിന്റെ അടിഭാഗം തകർന്ന് വിള്ളലുകൾ ഉണ്ടായിട്ട് നാളുകളേറെയായെന്നും നാട്ടുകാർ ആരോപിക്കുന്നു. പറപ്പള്ളിത്താഴത്ത് കവലയിലും സൂചനാ ബോർഡുകളില്ല.
മണ്ഡലകാലത്ത് കോട്ടയം, പാലാ വഴിയെത്തുന്ന തീർഥാടക വാഹനങ്ങൾ ഭൂരിഭാഗവും ദേശീയപാതയിൽ പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽനിന്നു തിരിഞ്ഞ് ഇതുവഴിയാണ് എരുമേലിക്ക് പോകുന്നത്. മണ്ഡലകാലത്ത് ഇടമുറിയാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ സീസണു മുന്പായി ആവശ്യമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.