ഇഎസ്എ കരട് വിജ്ഞാപനം: മേലുകാവിൽ സർവകക്ഷിയോഗം ചേർന്നു
1453887
Tuesday, September 17, 2024 10:19 PM IST
മേലുകാവുമറ്റം: ഇഎസ്എ കരട് വിജ്ഞാപനത്തിനെതിരേ മേലുകാവിൽ സർവകക്ഷി യോഗം ചേർന്നു.
ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി റിസർവ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോകപൈതൃകപദവി പ്രദേശങ്ങൾ അഥവാ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും മാത്രമേ ഇഎസ്എ പ്രഖ്യാപനത്തിനായി നൽകേണ്ടതുള്ളൂവെന്നാണ് സർക്കാരിന്റെ നിലപാട്. ഇതു വ്യക്തമാക്കുന്ന ജിയോ കോ-ഓർഡിനേറ്റുകൾ രേഖപ്പെടുത്തിയ ഇഎസ്എ വില്ലേജ് ഷെയ്പ് മാപ്പ് ഫയൽസ് തയാറാക്കി കരട് വിജ്ഞാപനം അനുസരിച്ചു സെപ്റ്റംബർ 30നകം കേന്ദ്രസർക്കാരിൽ സമർപ്പിക്കാൻ സർക്കാർ തയാറാകണമെന്നും അതു കേരളത്തിന്റെ ബയോഡൈവേഴ്സിറ്റി ബോർഡ് സൈറ്റിൽ കൊടുക്കണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
എന്നാൽ ജനവാസകേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ എന്നിവ ഇഎസ്എയിൽ ഉൾപ്പെട്ടിട്ടില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വലിയ വീഴ്ച സംഭവിച്ചിരിക്കുകയാണെന്നും ഇത് ഉദ്യോഗസ്ഥ അനാസ്ഥമൂലം ഉണ്ടായതാണെന്നും സർവകക്ഷി യോഗം വിലയിരുത്തി.
കസ്തൂരിരംഗൻ റിപ്പോർട്ടിൽ മേലുകാവ് വില്ലേജിനെ പരിസ്ഥിതി ദുർബല പ്രദേശമാക്കി മാറ്റി പത്തു കിലോമീറ്റർ ആകാശ അകലത്തിൽ സമീപ പഞ്ചായത്തുകളെയും ബാധിക്കുമെന്ന വിവരം അവിടെ താമസിക്കുന്നവരുടെ എതിർപ്പുകൾ മറികടക്കാൻ രഹസ്യമാക്കി വച്ചിരിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിയണമെന്നും സമീപ പഞ്ചായത്തുകളായ കടനാട്, തലപ്പലം, ഭരണങ്ങാനം, തലനാട്, മൂന്നിലവ്, തീക്കോയി, മുട്ടം, നഗരസഭകളായ പാലാ, ഈരാറ്റുപേട്ട ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനപ്രതിനിധികളെ ബോധിപ്പിക്കാനും യോഗം തീരുമാനിച്ചു.
മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിജു സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേലുകാവുമറ്റം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് കാരംവേലിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസ്, ബ്ലോക്ക് മെംബർ ജെറ്റോ ജോസ്, ജയിംസ് മാത്യു തെക്കേൽ, താഷ്കന്റ് പൈകട, അനൂപ് കുമാർ, ടി.ജെ. ബെഞ്ചമിൻ, ജോസുകുട്ടി വട്ടകാവുങ്കൽ, അലക്സ് ടി. ജോസഫ്, എസ്എൻഡിപി ശാഖാ പ്രസിഡന്റ് ഷാജി പുത്തൻപുരയിൽ, അലക്സ് കുഴിക്കപ്ലാക്കൽ, അനിൽ പൊട്ടംമുണ്ടയ്ക്കൽ, ജോയി സ്കറിയ, ജോസുകുട്ടി ജോസഫ്, ബെന്നി കൊച്ചുപറമ്പിൽ, ജോർജുകുട്ടി വട്ടക്കാനയിൽ, ടിറ്റോ മാത്യു, അനിൽ കള്ളികാട്ട്, സിബി മൂക്കൻത്തോട്ടം എന്നിവർ പ്രസംഗിച്ചു.