സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനമായി ആട്ടിൻകുട്ടികൾ
1453700
Tuesday, September 17, 2024 12:08 AM IST
കണമല: പമ്പാവാലി കിസുമം ഗവൺമെന്റ് സ്കൂളിൽ ഓണാഘോഷം നടത്തി. ഏഴു കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ഓണസമ്മാനമായി നാട്ടുകാർ സ്കൂളിൽ ആട്ടിൻകുട്ടികളെ നൽകിയപ്പോൾ കുട്ടികൾ തങ്ങൾ എന്നും കാണുന്ന താത്കാലിക ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ഓണക്കോടി നൽകി ആഘോഷം പങ്കിട്ടു. ആട്ടിൻകുട്ടികൾക്ക് അപകടമോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇൻഷ്വറൻസ് എടുത്തിട്ടുണ്ട്. അടുത്ത ഓണത്തിന് കുട്ടികൾ ഒരാട്ടിൻകുട്ടിയെ തിരികെ സ്കൂളിന് നൽകണമെന്നും നിർദേശമുണ്ട്.
ബിജു കെ. ടോം കാലാപറമ്പിൽ, സിബിൻ മാത്യു, യാമിനി നായർ, ജോസ് സ്കറിയ, വാസുദേവൻ പിള്ള, ബിബിൻ തങ്കച്ചൻ, വലിയാനവട്ടം താവളം സാപ് ഇഡിസി ഫ്രണ്ട്സ് സംഘം മൂലക്കയം എന്നിവരാണ് ആടിനെ സ്പോൺസർ ചെയ്തത്.
വാർഡ് അംഗം റിൻസി ബൈജു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ജോസഫ് പരുമൂട്ടിൽ, ആസിഫ് മൗലവി അൽ കാഷിഫീ, തോമസ് കുന്നത്ത്, രാജീവ് വർഗീസ്, വി.വി. വിപിൻ, ലിയോ ജോസ്, എസ്. ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.