കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കംഫർട്ട് സ്റ്റേഷൻ ഉപയോഗയോഗ്യമാക്കണം
1452558
Wednesday, September 11, 2024 11:32 PM IST
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ കംഫർട്ട് സ്റ്റേഷൻ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറ്റാർ പുഴയുടെ തീരത്തായി സ്ഥാപിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ നിലവിൽ വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്കോ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവർക്കോ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും സ്ഥിരമായി പ്രവർത്തിക്കാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ തെല്ലൊന്നുമല്ല ദുരിതത്തിലാകുന്നത്.
കംഫർട്ട് സ്റ്റേഷൻ ഉപയോഗശൂന്യമായ നിലയിൽ കിടക്കുന്നതിനാൽ 2024 - 2025 സാന്പത്തികവർഷത്തിൽ പഞ്ചായത്ത് ലേലം നടത്തുകയോ പുറംകരാർ നല്കുകയോ ചെയ്തിട്ടില്ല എന്നാണ് പഞ്ചായത്തിൽ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. എന്നാൽ, നിലവിൽ ഇത് വൃത്തിഹീനമായി രീതിയിൽ അനധികൃതമായി പിരിവ് നടത്തി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
സെപ്റ്റിക് ടാങ്കിൽ നിന്ന് മാലിന്യങ്ങൾ പൊട്ടിയൊഴുകി ചിറ്റാർ പുഴയിലേക്കാണ് ഒലിക്കുന്നത്. സെപ്റ്റിക് ടാങ്കിന്റെ മുകളിൽ മണ്ണിട്ടും പ്ലാസ്റ്റിക് ചാക്കും തകരപ്പാട്ടകളും കൊണ്ടും മറച്ച നിലയിലാണ്. ചിറ്റാർപുഴയിൽ നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. അതിനാൽ പകർച്ചവ്യാധികൾ പടരാനും സാധ്യതയാണ്. കംഫർട്ട് സ്റ്റേഷൻ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.