മുക്കൂട്ടുതറയിൽ വീണ്ടും കാട്ടാന ആക്രമണം: വീടിന്റെ സിറ്റൗട്ട് തകർത്തു
1452313
Wednesday, September 11, 2024 12:07 AM IST
മുക്കൂട്ടുതറ: മൂന്നാം തവണയും കാട്ടാന ആക്രമണത്തിൽ വിറങ്ങലിച്ച് മുക്കൂട്ടുതറ കുട്ടപ്പായിപ്പടിയിലെ വനാതിർത്തി. കഴിഞ്ഞ ദിവസം പുലർച്ചെ 2.30ാടെ മുറ്റത്തെ തെങ്ങ് വീടിന്റെ സിറ്റൗട്ടിലേക്ക് തള്ളി മറിച്ചിട്ടായിരുന്നു കാട്ടാനകളുടെ പരാക്രമം. മുന്നാടി തെക്കേതിൽ വർഗീസിന്റെ വാടകവീടിന്റെ മുന്നിലാണ് കൂട്ടത്തോടെ ആനകൾ ആക്രമണം നടത്തിയത്.
വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരയ്ക്കാട്ട് അന്നമ്മ ജോയിയും കുടുംബാംഗങ്ങളുമാണ് കാട്ടാനകളുടെ ആക്രമണത്തിന് ഇരയായത്. ശക്തമായ മഴ മൂലം ഇവർ ആനകൾ വന്നത് അറിഞ്ഞിരുന്നില്ല. തെങ്ങ് വീടിന്റെ മുന്നിലേക്ക് ആനകൾ മറിച്ചിട്ടതോടെയാണ് ഇവർ ഭീകരാവസ്ഥ അറിഞ്ഞത്. ഇന്നലെ വാർഡ് അംഗം സതീശും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. കഴിഞ്ഞയിടെ ഇതേ പ്രദേശത്ത് രണ്ട് തവണയാണ് കാട്ടാനകൾ കൂട്ടത്തോടെ എത്തിയത്. ഇവിടെ വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് ഉണ്ടെന്ന് വനപാലകർ പറയുന്നു.
എന്നാൽ, വൈദ്യുതി ഷോക്ക് ഉള്ള ഈ വേലി അനായാസം മറികടന്നാണ് ആനകൾ എത്തുന്നത്. തൂക്ക് ഫെൻസിംഗ് ആണ് മൃഗങ്ങളെ തടയാൻ ഇവിടെ അനുയോജ്യമായതെന്ന് വാർഡ് അംഗം എം.എസ്. സതീശ് പറഞ്ഞു. ഇതിനായി നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യം അറിയിച്ച് വനം വകുപ്പിൽ നിവേദനം നൽകുമെന്ന് വാർഡ് അംഗം പറഞ്ഞു.