കൃഷ്ണകുമാരി രാജശേഖരന് നഗരസഭാ ചെയര്‍പേഴ്സണ്‍
1452254
Tuesday, September 10, 2024 7:18 AM IST
ചങ്ങനാശേരി: എല്‍ഡിഎഫിലെ സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരന് ചങ്ങനാശേരി നഗരസഭ ചെര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗം ഷൈനി ഷാജിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 37അംഗ കൗണ്സില്ലില് കൃഷ്ണകുമാരിക്ക് 19 വോട്ടുകളും ഷൈനിക്ക് 14വോട്ടുകളും ലഭിച്ചു.
സ്വതന്ത്രാംഗവും യുഡിഎഫ് ഭരണസമിതിയിലെ മുന്‍വൈസ് ചെയര്‍മാനുമായിരുന്ന ബെന്നി ജോസഫും മൂന്ന് ബിജെപി അംഗങ്ങളും തെരഞ്ഞെടുപ്പു യോഗത്തില്‍നിന്നു വിട്ടുനിന്നു.
കഴിഞ്ഞ 31വര്‍ഷമായി നഗരസഭാ കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന കൃഷ്ണകുമാരി രാജശേഖരന് 2000 മുതല്‍ 2005 വരേയും 2014-15 വര്‍ഷവും ചെയര്‍പേഴ്സണായിരുന്നു. മൂന്നാംതവണയാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ ശിശുക്ഷേമസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ് രാജശേഖരന്. മക്കള്‍: രഞ്ജിനി രാജ്, രഞ്ജിത് രാജ്.
ചെയര്‍പേഴ്സണായിരുന്ന സ്വതന്ത്രാംഗം ബീനാ ജോബി എല്‍ഡിഎഫ് ധാരണപ്രകാരം രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.
നഗരവികസനത്തിന് സമഗ്ര പദ്ധതികള്‍ നടപ്പാക്കും
ചങ്ങനാശേരി: നഗരവികസനത്തിന് സമഗ്രപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്. ശതാബ്ദി പിന്നിട്ട ചങ്ങനാശേരി നഗരസഭയുടെ 35-ാമത്തെ ചെയര്‍പേഴ്സണാണ് ഇവര്‍.
രാഷ്ട്രീയ ഭേദമെന്യേ എല്ലാ കൗണ്‍സിലര്‍മാരെയും ചേര്‍ത്തുനിര്‍ത്തി മുഴുവന്‍ വാര്‍ഡുകളുടെയും വികസനമാണ് ലക്ഷ്യംവയ്ക്കുന്നത്.
സമ്പൂര്‍ണ മാലിന്യശേഖരണത്തിനും സംസ്കരണത്തിനും പ്രഥമ പരിഗണന.
പദ്ധതിയിട്ടിരിക്കുന്ന സിഎന്‍ജി പ്ലാന്റ് വേഗത്തില്‍ നടപ്പാക്കും.
സ്ത്രീശക്തീകരണത്തിന് കര്‍മപദ്ധതികള്‍.
വരുമാന സ്രോതസുകള്‍ സംരക്ഷിക്കും, വര്‍ധിപ്പിക്കും.
നഗരസഭാ കെട്ടിടങ്ങള്‍ നവീകരിക്കും.
തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിന് എബിസി പദ്ധതി നടപ്പാക്കും.
ശുചിമുറി പ്രശ്നത്തിനു പരിഹാരമായി ടേക്ക് എ ബ്രേക്കുകള്‍ തുറക്കും.
നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കും.
മാര്‍ക്കറ്റിന്റെ നവീകരണം നടപ്പാക്കും.
വഴിവിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കും.