പാമ്പാടി സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം തുടങ്ങി
1452238
Tuesday, September 10, 2024 7:03 AM IST
പാമ്പാടി: സഹകരണ ബാങ്കുകളിലെ സുരക്ഷിതമായ നിക്ഷേപം പ്രോത്സാഹിപ്പിച്ചാലേ നാടു വളരൂവെന്ന് മന്ത്രി വി.എൻ. വാസവൻ. പാമ്പാടി സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ പുരോഗതിക്കായി പ്രവർത്തിച്ച പ്രസിഡന്റുമാരുടെ ഫോട്ടോ മന്ത്രി അനാച്ഛാദനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു.
ഭരണസമിതിയംഗങ്ങളെയും മുൻ ജീവനക്കാരെയും സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ ആദരിച്ചു. പ്രവർത്തനമികവിന് 55 കുടുംബശ്രീകൾക്ക് അവാർഡ് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോഓപ്പറേഷൻ ചെയർമാൻ റെജി സക്കറിയ വിതരണം ചെയ്തു. ചലച്ചിത്രപുരസ്കാര പ്രതിഭകളായ കെ.ആർ. അനൂപ്, കെ.എസ്. സുനിൽ എന്നിവർക്കു ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്. സാബു ഉപഹാരം സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സി.എം. മാത്യു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് അനീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ നൈനാൻ, പഞ്ചായത്തംഗങ്ങളായ സാബു എം. ഏബ്രഹാം, സുനിത ദീപു, ബാങ്ക് ഭരണസമിതിയംഗങ്ങളായ പി. ഹരികുമാർ, കെ.കെ. തങ്കപ്പൻ, എന്നിവർ പ്രസംഗിച്ചു.