കാവാലിപ്പുഴയിലെ മിനി ബ്രിഡ്ജ് സോയില്‍ ടെസ്റ്റിംഗ് ആരംഭിച്ചു
1451750
Sunday, September 8, 2024 11:50 PM IST
കിടങ്ങൂര്‍: കാവാലിപ്പുഴ ബീച്ചില്‍ മിനി ബ്രിഡ്ജ് നിര്‍മിക്കുന്നതിനായുള്ള പ്രാരംഭനടപടികളുടെ ഭാഗമായി സോയില്‍ ടെസ്റ്റിംഗ് ആരംഭിച്ചു. പാറയുടെ ഉറപ്പ് , ലഭ്യത, ആഴം എന്നിവ കണ്ടെത്തുന്നതിനായാണ് ടെസ്റ്റിംഗ് നടക്കുന്നത്. തീരത്തെ പരിശോധനകള്‍ക്ക് ശേഷം ഇപ്പോള്‍ പുഴയുടെ മധ്യഭാഗത്താണ് പരിശോധന നടക്കുന്നത്. പരിശോധന നടപടിക്രമങ്ങള്‍ മോന്‍സി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു വിലയിരുത്തി.
ഓരോ നിയോജകമണ്ഡലങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ എംഎല്‍എ കാവാലിപ്പുഴ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും പ്രദേശവാസികളുടെ യാത്രാ സൗകര്യത്തിനും വേണ്ടിയാണ് ഇവിടെ മിനി ബ്രിഡ്ജ് നിര്‍മിക്കുന്നത്. നിലവില്‍ ആളുകള്‍ക്ക് ഇവിടെ കടത്തുവള്ളം മാത്രമാണ് പ്രയോജനപ്പെടുന്നത്. ചേര്‍പ്പുങ്കലിലും കിടങ്ങൂര്‍ ക്ഷേത്രത്തിന് സമീപവുമാണ് ഇതിന് സമീപത്തായി പാലങ്ങള്‍ ഉള്ളത്. കാല്‍നട യാത്ര സാധ്യമാകുന്നതിനൊപ്പം ചെറിയ വാഹനങ്ങള്‍ കൂടി കടന്നു പോകുന്ന തരത്തിലാകും പാലം നിര്‍മിക്കുക എന്ന് എംഎല്‍എ പറഞ്ഞു.
പാലം നിര്‍മാണത്തിനായി ആറുകോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സോയില്‍ ടെസ്റ്റിംഗ് പൂര്‍ത്തിയായശേഷം പിഡബ്ല്യുഡി എസ്റ്റിമേറ്റ് തയാറാക്കും. എസ്റ്റിമേറ്റ് പ്രകാരം ഈ തുകയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുന്ന പക്ഷം നിര്‍മാണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പ്രളയ കാലത്ത് മണല്‍ അടിഞ്ഞ് ബീച്ചിന് സമാനമായി രൂപപ്പെട്ട കാവാലിപ്പുഴയില്‍ നിരവധി ആളുകളാണ് എത്തുന്നത്. യുവാക്കളും കുടുംബങ്ങളും അടക്കം സമയം ചെലവഴിക്കാനായി ഇവിടെ എത്തുന്നുണ്ട്. ടൂറിസം ഡെസ്റ്റിനേഷനായി ഇവിടെ മാറ്റിയെടുക്കാനും ശ്രമങ്ങള്‍ നടന്നുവരികയാണ്.
അതേസമയം കാവാലിപ്പുഴയിലേക്കുള്ള റോഡ് ഇടുങ്ങിയതും തകര്‍ന്നതുമാണ്. പാലം നിര്‍മാണത്തിനൊപ്പം റോഡിന്റെ വീതി കൂട്ടി നവീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രദേശവാസികള്‍ സഹകരിച്ച് സ്ഥലം വിട്ടുനല്‍കിയാല്‍ പ്രദേശവാസികള്‍ക്ക് തന്നെ അതുകൊണ്ട് വലിയ ഗുണം ലഭിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.