പുക പരിശോധനാ കേന്ദ്രത്തിലെ പരിഷ്കരണങ്ങൾ ; വലഞ്ഞ് വാഹന ഉടമകള്‍
1442326
Monday, August 5, 2024 11:55 PM IST
കോട്ടയം: പുക പരിശോധനാ കേന്ദ്രത്തിന്റെ പരിഷ്ക്കരണ നടപടികളില്‍ വലഞ്ഞ് വാഹന ഉടമകള്‍. ഭാരത് സ്റ്റേജ് ബിഎസ് നാല്, ആറ് വിഭാഗങ്ങളില്‍ വരുന്ന പെട്രോള്‍ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് പുക പരിശോധനയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ പരാജയപ്പെട്ടത്.
മുന്‍പ് ലാംഡ ടെസ്റ്റ് സംസ്ഥാനത്ത് കര്‍ശനമായിരുന്നില്ല. എന്നാല്‍, രണ്ടു മാസം മുമ്പ് കേന്ദ്ര സർക്കാർ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെയാണ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടിയത്. ജില്ലയില്‍ പുക പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 10 മുതല്‍ 25 ശതമാനം വരെയാണ്. അഞ്ചു വര്ഷത്തിനുമേല് പഴക്കമുള്ള മിക്കവാഹനങ്ങള്ക്കും പുതിയ പരിശോധനാരീതി തിരിച്ചടിയാണ്.
ടെസ്റ്റില്‍ പരാജയപ്പെട്ടാലും പുക പരിശോധന കേന്ദ്രങ്ങൾ ഉടമകളില്‍നിന്നു പണം വാങ്ങുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തു ലഭിക്കുമ്പോഴാകും പലപ്പോഴും പരാജയപ്പെട്ട കാര്യം അറിയുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെ ഉടമകളുടെ പണം നഷ്ടപ്പെടുന്നു. കാര്‍ബുറേറ്റര്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബൈക്കിന് 1,000 രൂപ വരെയും കാറിന് 3000 രൂപ വരെയും ചെലവു വരുന്നുണ്ട്.
പരിശോധനയില്‍ പരാജയപ്പെടുന്നതിലേറെയും അഞ്ചു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള വാഹനങ്ങളാണ്. പുക സര്‍ട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 1,500 രൂപ പിഴയുമടക്കണം. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവ കൃത്യമായ ഇടവേളകളില്‍ മാറാതിരിക്കുമ്പോഴും കാര്‍ബുറേറ്റർ അടയുന്പോഴും മലിനീകരണത്തോത് കൂടും. പരാജയപ്പെടുന്ന വാഹനങ്ങള്‍ സര്‍വീസ് നടത്തി ഇവയെല്ലാം ശരിയാക്കിയാലെ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. മുന്‍കാലങ്ങളില്‍ ഇതു പതിവില്ലാതിരുന്നതിനാല്‍ പരിശോധനകളില്‍ പരാജയപ്പെടുന്നത് പുക പരിശോധനാ കേന്ദ്രങ്ങളില്‍ വാക്കുതർക്കത്തിനും കാരണമാകുന്നുണ്ട്.