വിമാനത്താവളത്തിന്റെ ആറാം വാർഷികം; ഇളവുകളുമായി എയർ ഇന്ത്യ
1482831
Thursday, November 28, 2024 8:00 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വൈവിധ്യമാർന്ന പരിപാടികളോടെ ഡിസംബർ ഒമ്പതിന് ആറാം വാർഷികം ആഘോഷിക്കും. കണ്ണൂർ വിമാനത്താളത്തിൽനിന്നും വ്യത്യസ്തമായ റൂട്ടുകളിലെ അന്താരാഷ്ട്ര യാത്രകൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് വൻ ഇളവുകൾ പ്രഖ്യാപിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന അന്താരാഷ്ട്ര സർവീസുകളായ ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്റിൻ, കുവൈറ്റ്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് അടിസ്ഥാന യാത്രാനിരക്കിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
ഡിസംബർ ഒമ്പതു വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കാണ് ഈ ഇളവ് ലഭിക്കുക. രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള യാത്രയ്ക്കും മറ്റു രാജ്യങ്ങൾ വഴിയുളള കണക്ഷൻ യാത്രയ്ക്കും ഈ ഇളവ് ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ "KANNUR’ എന്ന promo code ഉപയോഗിച്ച് യാത്രക്കാർക്ക് പരിമിതകാലത്തേക്കുളള ഇളവ് ഉപയോഗപ്പെടുത്താം.
യാത്രാനിരക്ക് കുറയ്ക്കാൻ കണ്ണൂർ വിമാനത്താവള മാനേജ്മെന്റ് നിരന്തരം സമ്മർദം ചെലുത്തിയതിന്റെ ഫലമാണ് ഈ ഇളവ് എയർ ഇന്ത്യ എകസ്പ്രസ് പ്രഖ്യാപിച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ആറാം വാർഷികം വർണാഭമായ കലാകായിക മത്സരങ്ങളോടെ സമുചിതമായി ആഘോഷിക്കും.
കണ്ണൂർ വിമാനത്താവള കമ്പനിയിലെ ജോലിക്കാരോടൊപ്പം അവിടത്തെ വ്യത്യസ്ത ഏജൻസികളിലെ ജീവനക്കാരും സജീവമായി ഈ കൂട്ടായ്മയിൽ പങ്കെടുത്തുവരുന്നുണ്ട്.
വാർഷിക ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ എയർപോർട്ട് "ധർമ ചാരിറ്റബിൾ ട്രസ്റ്റിലെ' ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 20 ന് വിമാനയാത്രാ സൗകര്യം ഒരുക്കിയിരുന്നു.
കണ്ണൂർ വിമാനത്താവളത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം മുൻകൈകൾ എടുക്കുന്നതെന്ന് കിയാൽ അധികൃതർ അറിയിച്ചു.